ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ്, വിന്നേഴ്‌സും ലൂസേഴ്സും ഇവരൊക്കെ!

ഈ സീസണിലേക്കുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടനറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഒരുപിടി സൂപ്പർ പോരാട്ടങ്ങൾ ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ ആരാധകരെ കാത്തിരിക്കുന്നുണ്ട്. ഏതായാലും ഈ ഗ്രൂപ്പ്‌ നിർണ്ണയത്തിലെ വിന്നേഴ്സിനേയും ലൂസേഴ്സിനേയും പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം. അതായത് ഈ നറുക്കെടുപ്പ് ഏറ്റവും കൂടുതൽ അനുകൂലമായവരെയും പ്രതികൂലമായവരെയുമാണ് ഇവർ പുറത്ത് വിട്ടിരിക്കുന്നത്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ആദ്യം വിന്നേഴ്സ് ആരൊക്കെയാണ് എന്ന് നോക്കാം..

1- മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷ്യാറാണ് ആദ്യത്തെ വിന്നർ.പലപ്പോഴും വലിയ സ്റ്റേജുകളിൽ ഉള്ള ഇദ്ദേഹത്തിന്റെ കഴിവ് ചോദ്യം ചെയ്യപ്പെടാറുണ്ട്. അത് തെളിയിക്കാനുള്ള ഒരു സുവർണ്ണാവസരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.വിയ്യാറയൽ, അറ്റലാന്റ, യങ് ബോയ്സ് എന്നിവർ ഉൾപ്പെട്ട പൊതുവെ ദുർബലമായ ഗ്രൂപ്പിലാണ് യുണൈറ്റഡ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടം പോലും കടക്കാൻ യുണൈറ്റഡിന് സാധിച്ചിരുന്നില്ല.മാത്രമല്ല കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ അതൊക്കെ തിരുത്തി കുറിക്കാനുള്ള ഒരു അവസരമാണ് സോൾഷ്യാറിന് ലഭിച്ചിരിക്കുന്നത്.

2- എർലിങ് ഹാലണ്ട്.

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹാലണ്ട് എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ 10 ഗോളുകൾ നേടാൻ ഹാലണ്ടിന് സാധിച്ചിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ ഗോൾ നേടാൻ കഴിയാതെ വരികയും ഡോർട്മുണ്ട് സിറ്റിയോട് പരാജയപ്പെട്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. ഇത്തവണ സ്പോർട്ടിങ്, അയാക്സ്, ബെസിക്റ്റസ് എന്നിവർ അടങ്ങുന്ന ഗ്രൂപ്പിലാണ് ഡോർട്മുണ്ട് ഉൾപ്പെട്ടിട്ടുള്ളത്. ചുരുക്കത്തിൽ മനസ്സ് വെച്ചാൽ ഹാലണ്ടിന് ഗോളടി മേളം നടത്താൻ കഴിയുമെന്നർത്ഥം.

3- ഫ്ലോറെന്റിനോ പെരസ്.

റയൽ പ്രസിഡന്റായ പെരെസ്‌ ചാമ്പ്യൻസ് ലീഗിന് സമാന്തരമായ യൂറോപ്യൻ സൂപ്പർ ലീഗ് നടപ്പിലാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് ഇതുവരെ ഫലം കണ്ടിട്ടില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടത്തിൽ ഈസിയായി മുന്നേറാനുള്ള വഴി തെളിഞ്ഞിട്ടുണ്ട്.ഷക്തർ, ഇന്റർ മിലാൻ, ഷെറിഫ് എന്നിവരാണ് റയലിന്റെ ഗ്രൂപ്പിൽ ഉള്ളത്.കഴിഞ്ഞ തവണ സെമി വരെ എത്തിയ റയൽ ഇത്തവണ ആഞ്ചലോട്ടിക്ക്‌ കീഴിലാണ് കച്ചകെട്ടി ഇറങ്ങുന്നത്.

ഇനി ലൂസേഴ്സ്‌ ആരൊക്കെയാണ് എന്ന് പരിശോധിക്കാം..

1- എഫ്സി ബാഴ്സലോണ.

15 വർഷത്തിന് ശേഷം ഇതാദ്യമായാണ് മെസ്സി ഇല്ലാതെ ബാഴ്‌സ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഇറങ്ങുന്നത് എന്നുള്ളതാണ് ബാഴ്‌സക്കേറ്റ ആദ്യ തിരിച്ചടി.കൂടാതെ ബാഴ്‌സ ഉൾപ്പെട്ടിരിക്കുന്നത് വമ്പൻമാരായ ബയേൺ ഉള്ള ഗ്രൂപ്പിലും.8-2 ന്റെ നടുക്കുന്ന ഓർമ്മകൾ ഇപ്പോഴും ബാഴ്‌സയെ അലട്ടുന്നുണ്ട്. ഒരു പ്രതികാരത്തിന് വകയുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാവും എന്ന കാര്യത്തിൽ സംശയമുണ്ട്. ബെൻഫിക്ക, ഡൈനാമോ കീവ് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു അംഗങ്ങൾ.

2-പെപ് ഗ്വാർഡിയോള

പെപ് അവസാനമായി ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ട് ഏകദേശം ഒരു പത്ത് വർഷത്തോളമായി.കഴിഞ്ഞ തവണ ഫൈനലിൽ എത്തിയെങ്കിലും ചെൽസിക്ക്‌ മുന്നിൽ അടിതെറ്റുകയായിരുന്നു. സിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം അത്യാവശ്യമായ സമയമാണിത്. എന്നാൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ അവർ നേരിടേണ്ടത് താരസമ്പന്നമായ പിഎസ്ജിയെയാണ്. മെസ്സിയെ പെപ് നേരിടേണ്ടി വരുന്നു. കൂടാതെ ലീപ്സിഗ്, ക്ലബ് ബ്രൂഗെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു അംഗങ്ങൾ.

3- യുവന്റസ്.

വളരെ കഷ്ടിച്ചാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത യുവന്റസ് നേടിയിട്ടുള്ളത്. എന്നാൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ അവർ നേരിടേണ്ടത് നിലവിലെ ചാമ്പ്യൻമാരായ ചെൽസിയെയാണ്. നല്ല ഡെപ്ത് ഉള്ള സ്‌ക്വാഡിന്റെ ഉടമകളാണ് ചെൽസി.ലുക്കാക്കുവിന്റെ വരവ് അവരെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.സെനിത്, മാൽമോ എന്നിവരാണ് ഗ്രൂപ്പിൽ ഉൾപ്പെട്ട മറ്റുള്ള ക്ലബുകൾ. യുവന്റസിന് മുന്നോട്ട് കുതിക്കണമെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.

ഇതൊക്കെയാണ് ഗോൾ ഡോട്ട് കോം കണ്ടെത്തിയിട്ടുള്ള വിന്നേഴ്സും ലൂസേഴ്സും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *