ചാമ്പ്യൻസ് ലീഗിൽ മാതൃകയാക്കേണ്ടത് ക്രിസ്റ്റ്യാനോയെ: യുണൈറ്റഡിന് ബ്രൂണോയുടെ ഉപദേശം!

യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ അത്ലറ്റിക്കോ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിരവധി റെക്കോർഡുകളും പരിചയസമ്പത്തുമുള്ള താരമാണ് ക്രിസ്റ്റ്യാനോ.5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ തന്റെ കരിയറിൽ നേടിയിട്ടുള്ളത്.അത്കൊണ്ട് തന്നെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോയെ മാതൃകയാക്കണമെന്നുള്ള ഉപദേശമാണ് യുണൈറ്റഡിന്റെ സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസ് തന്റെ സഹതാരങ്ങൾക്ക് നൽകിയിട്ടുള്ളത്. മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഈ പോർച്ചുഗീസ് താരം.ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയവനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഈ ചാമ്പ്യൻഷിപ്പിൽ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനുള്ള ഒരു കഴിവ് ക്രിസ്റ്റ്യാനോക്കുണ്ട്.കൂടാതെ ഞങ്ങൾക്ക് റാഫേൽ വരാനെയുമുണ്ട്.അദ്ദേഹവും പലതവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. ഇരുവരുടെയും പരിചയസമ്പത്ത് ഞങ്ങൾക്ക് ഗുണകരമാവും.ചില സമയങ്ങളിൽ ഇത് എക്സ്പീരിയൻസിനെ സംബന്ധിച്ചതാണ്,അതേസമയം ചിലസമയങ്ങളിൽ ഇത് ആഗ്രഹങ്ങളെ സംബന്ധിച്ചതുമാണ്.കാരണം ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ ക്രിസ്റ്റ്യാനോ കൂടുതൽ സ്വാധീനമുള്ള താരമോ അതല്ലെങ്കിൽ കൂടുതൽ പരിചയസമ്പത്തുള്ള താരമോ അല്ല.എന്നിട്ടും അദ്ദേഹം ആ ടീമിനെ കിരീടം ചൂടാൻ സഹായിച്ചു.അത്‌ അത്രയേറെ ആഗ്രഹമുണ്ടായിട്ടാണ്.ആ ഒരു ക്രിസ്റ്റ്യാനോയെയാണ് നമ്മൾ മാതൃകയാക്കേണ്ടത്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ശ്രദ്ധയോടെ കളിക്കേണ്ട സമയമാണിത്.ക്രിസ്റ്റ്യാനോ അല്ലെങ്കിൽ മറ്റൊരാൾ മത്സരഗതിയെ തീരുമാനിക്കേണ്ടതുണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാര്യം മത്സരം വിജയിക്കുക എന്നുള്ളതാണ് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ അഞ്ചുവർഷമായി ഒരൊറ്റ കിരീടം പോലും നേടാൻ സാധിക്കാത്ത ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.യുണൈറ്റഡിന് ഈ സീസണിൽ അവശേഷിക്കുന്ന ഏക കിരീട പ്രതീക്ഷ, അത് ചാമ്പ്യൻസ് ലീഗ് മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *