ചാമ്പ്യൻസ് ലീഗിൽ നിന്ന് ആദ്യത്തെ പുറത്താവലുമായി സിദാൻ !

സിനദിൻ സിദാനെ സംബന്ധിച്ചെടുത്തോളം മറക്കാനഗ്രഹിക്കുന്ന ഒരു രാത്രിയായിരിക്കും ഇന്നലെ കടന്നു പോയിരിക്കുക. അനാവശ്യമായി വഴങ്ങിയ തോൽവി തീർച്ചയായും അദ്ദേഹത്തെ അലട്ടും എന്ന കാര്യമുറപ്പാണ്. വഴങ്ങിയ രണ്ട് ഗോളും പ്രതിരോധനിരയുടെ പിഴവിൽ നിന്ന്. ഫലമായി ഇരുപാദങ്ങളിലും തോൽവിയും അഗ്രിഗേറ്റിൽ 4-2 ന്റെ തോൽവിയും. ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തേക്ക്. എന്നാൽ ചാമ്പ്യൻസ് ലീഗ് പുറത്താവൽ സിദാന് പുതിയ അനുഭവമാണ്. എന്തെന്നാൽ തന്റെ ചെറിയ കോച്ചിങ് കരിയറിൽ ഇത് വരെ സിദാന്റെ റയൽ പുറത്തായിട്ടില്ല. മാത്രമല്ല മൂന്നിലും കിരീടം നേടുകയും ചെയ്തു. കഴിഞ്ഞ തവണ റയൽ മാഡ്രിഡ്‌ പുറത്തായപ്പോൾ സിദാൻ അല്ലായിരുന്നു റയൽ പരിശീലകൻ. 2016-2018 വരെ റയലിനെ പരിശീലിപ്പിച്ച കാലയളവിൽ ഉള്ള മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടവും നേടാൻ റയലിന് കഴിഞ്ഞിരുന്നു.

ഈ മൂന്ന് ചാമ്പ്യൻസ് ലീഗുകളിൽ ഒട്ടേറെ വമ്പൻമാരെ കീഴടക്കിയായിരുന്നു സിദാന്റെ റയൽ മുന്നേറിയിരുന്നത്. റോമ, വോൾഫ്സ്ബർഗ്, മാഞ്ചസ്റ്റർ സിറ്റി, നാപോളി, ബയേൺ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ്‌, പിഎസ്ജി എന്നിവരെല്ലാം തന്നെ സിദാന്റെ റയലിന്റെ കരുത്ത് തിരച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്രാവശ്യം പെപ്പിന്റെ സിറ്റിക്ക് മുമ്പിൽ സിദാന് അടിപതറി. അത്ലറ്റികോ മാഡ്രിഡ്‌, യുവന്റസ്, ലിവർപൂൾ എന്നിവരെയാണ് ഈ കാലയളവിൽ സിദാന്റെ റയൽ ഫൈനലിൽ തോല്പിച്ചത്. ഏതായാലും രണ്ടാം വരവിൽ അത്ര സുഖമുള്ള ഓർമ്മകൾ അല്ല സിദാന് ചാമ്പ്യൻസ് ലീഗ് സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *