ഗോൾവേട്ട തുടർന്ന് ലുക്കാക്കു, സ്വന്തമാക്കിയത് പുതിയൊരു റെക്കോർഡ് !

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഇന്റർമിലാനിൽ എത്തിയ ശേഷം ബെൽജിയൻ സൂപ്പർ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു തകർപ്പൻ ഫോമിലാണ്. ആ ഫോം ഈ സീസണിലും തുടരുകയാണ് താരം. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇന്റർ മിലാനെ തോൽവി വഴങ്ങാതെ രക്ഷപ്പെടുത്തിയത് ലുക്കാക്കുവായിരുന്നു. മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിൽ ലുക്കാക്കു നേടിയ ഗോളാണ് ഇന്ററിന്റെ രക്ഷക്കെത്തിയത്. മത്സരത്തിൽ 2-2 എന്ന സ്കോറിന് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനോട് ഇന്റർ സമനില വഴങ്ങുകയായിരുന്നു. മത്സരത്തിൽ ഇന്റർ നേടിയ രണ്ട് ഗോളുകൾ ലുക്കാക്കുവിന്റെ വകയായിരുന്നു. ഇതോട് കൂടി മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. തുടർച്ചയായി ഒമ്പതാം യൂറോപ്യൻ മത്സരത്തിലാണ് ലുക്കാക്കു തന്റെ ഗോൾ കണ്ടെത്തുന്നത്.ഇന്റർമിലാന്റെ റെക്കോർഡ് ആണിത്. ഈ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിൽ ഗോൾവേട്ട എവിടെ അവസാനിപ്പിച്ചുവോ അവിടെ നിന്ന് തുടങ്ങിയിരിക്കുകയാണ് താരം.

കഴിഞ്ഞ സീസണിലാണ് താരം യുണൈറ്റഡിൽ നിന്നും ഇന്ററിൽ എത്തിയത്. 34 ഗോളുകളാണ് താരം ആകെ കഴിഞ്ഞ സീസണിൽ നേടിയത്. ഈ സീസണിൽ ഇതുവരെ ആറു ഗോളുകൾ നേടുകയും ചെയ്തു. എന്നാൽ മത്സരഫലത്തിൽ ലുക്കാക്കു സംതൃപ്തനല്ല. ” എന്റെ കാഴ്ച്ചപ്പാടിൽ ഇത് നല്ല മത്സരഫലമല്ല. ഇതിലും മികച്ച രീതിയിൽ ഞങ്ങൾക്ക് കളിക്കാമായിരുന്നു. ഞങ്ങൾ മാനസികമായുള്ള കരുത്ത് വർധിപ്പിക്കേണ്ടതുണ്ട്. ഞങ്ങൾ ഞങ്ങളുടെ ക്വാളിറ്റിയിൽ വിശ്വസിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്രതിരോധം ഒന്നു കൂടെ മെച്ചപ്പെടാനുണ്ട് ” മത്സരശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയയോട് ലുക്കാക്കു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *