ഗോളടിച്ച് കൂട്ടി ഹാലന്റ്,ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് സുരക്ഷിതമാണോ?
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ജർമൻ ക്ലബ്ബായ ആർബി ലീപ്സിഗിനെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റിന്റെ മികവിലാണ് ഇത്തരത്തിലുള്ള ഒരു വമ്പൻ വിജയം സിറ്റിക്ക് നേടാൻ കഴിഞ്ഞത്.
എണ്ണം പറഞ്ഞ അഞ്ചു ഗോളുകളാണ് ഹാലന്റ് മത്സരത്തിൽ കരസ്ഥമാക്കിയത്.22ആം മിനുട്ടിൽ പെനാൽറ്റിലൂടെയായിരുന്നു ഇദ്ദേഹം ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നെ ഹാട്രിക്ക് പൂർത്തിയാക്കി.പിന്നീട് 5 ഗോളുകൾ തികച്ചതോട് കൂടി അദ്ദേഹത്തെ പെപ് ഗാർഡിയോള പിൻവലിക്കുകയും ഹൂലിയൻ ആൽവരസിനെ കളത്തിലേക്ക് ഇറക്കുകയും ചെയ്തു.
ഇതോടുകൂടി ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ 10 ഗോളുകൾ പൂർത്തിയാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്.ഹാലന്റ് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. മാത്രമല്ല മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ക്വാർട്ടർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. 8 ഗോളുകൾ നേടിയ മുഹമ്മദ് സലാ രണ്ടാം സ്ഥാനത്തും 7 ഗോളുകൾ നേടിയിട്ടുള്ള കിലിയൻ എംബപ്പേ മൂന്നാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്.
Gimme five! ✋😅🔵 #mancity #UCL pic.twitter.com/REPP5m8lkp
— Erling Haaland (@ErlingHaaland) March 14, 2023
ക്രിസ്റ്റ്യാനോ ആരാധകർ ഉറ്റു നോക്കുന്നത് മറ്റൊരു കണക്കിലേക്കാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ഹാലന്റ് തകർക്കുമോ എന്നുള്ളതാണ് ഇക്കാര്യം. അതായത് ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്. 2013-14 സീസണിൽ 17 ഗോളുകളായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നത്.ഈ റെക്കോർഡ് മറികടക്കാൻ ഹാലന്റിന് 8 ഗോളുകളാണ് ഇനി ആവശ്യമുള്ളത്.
ഇനിയും താരത്തിന്റെ മുന്നിൽ മത്സരങ്ങളുണ്ട്. മാഞ്ചസ്റ്റർ സിറ്റി ഫൈനൽ വരെ എത്തുകയാണെങ്കിലൊക്കെ ഒരുപക്ഷേ ഹാലന്റ് ഈ റെക്കോർഡ് തകർക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.