ഗോളടിച്ച് ആഘോഷിച്ചതിന് എതിർതാരത്തെ ഗോളി ചവിട്ടിക്കുട്ടി..!ഇക്കാർഡിയും ടീമും UCLൽ നിന്ന് പുറത്ത്
യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ സ്വിറ്റ്സർലാന്റ് ക്ലബ്ബായ ബോയ്സും തുർക്കിഷ് വമ്പൻമാരായ ഗലാറ്റസറെയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിന്റെ ആദ്യപാദം സ്വിറ്റ്സർലാൻഡിൽ വച്ചു കൊണ്ടായിരുന്നു നടന്നിരുന്നത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മത്സരത്തിൽ വിജയിക്കാൻ യങ്ങ് ബോയ്സിന് സാധിച്ചിരുന്നു. ഇതിന്റെ രണ്ടാം പാദ മത്സരം ഇന്നലെ ഗലാറ്റസറെയുടെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു അരങ്ങേറിയിരുന്നത്. ഈ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗലാറ്റ്സറെ പരാജയപ്പെടുകയും ചെയ്തു. ഇതോടെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യങ്ങ് ബോയ്സിന് കഴിഞ്ഞു.
മൗറോ ഇക്കാർഡിയുടെ ക്ലബായ ഗലാറ്റസറെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാതെ പുറത്താവുകയും ചെയ്തു. ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് യങ്ങ് ബോയ്സ് വിജയിച്ചിട്ടുള്ളത്. ഇന്നലെ നടന്ന മത്സരത്തിന്റെ 87ആം മിനിട്ടിലാണ് അലൻ യങ്ങ് ബോയ്സിന്റെ വിജയഗോൾ നേടിയത്.ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് അവർ ഈ ഗോൾ നേടിയത്.
എന്നാൽ ഇതിനുശേഷം വളരെ വിചിത്രമായ ഒരു സംഭവം നടന്നിട്ടുണ്ട്. ഗോൾ നേടിയ അലൻ ഗലാറ്റ്സറെ ആരാധകരെ പ്രകോപിപ്പിക്കുന്ന രീതിയിൽ ആഘോഷിക്കുകയായിരുന്നു.ഗലാറ്റ്സറെയുടെ ഉറുഗ്വൻ ഗോൾകീപ്പർ ആയ ഫെർണാണ്ടൊ മുസ് ലേരക്ക് ഇത് ഒട്ടും ദഹിച്ചില്ല.അലൻ ഓടുന്ന സമയത്ത് ഈ ഗോൾകീപ്പർ അദ്ദേഹത്തെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതോടെ രണ്ട് ടീമംഗങ്ങളും തമ്മിൽ വാക്കു തർക്കം ഉണ്ടായി. എന്നാൽ കൂടുതൽ കയ്യാങ്കളിലേക്ക് പോകാൻ റഫറി അനുവദിച്ചില്ല. മറിച്ച് മുസ്ലേരക്ക് റെഡ് കാർഡ് നൽകി അദ്ദേഹത്തെ പുറത്താക്കുകയാണ് റഫറി ചെയ്തത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഗോൾകീപ്പറുടെ ഈ പെരുമാറ്റത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. തോൽവി ഫുട്ബോളിന്റെ ഭാഗമാണെന്നും എന്നാൽ മുസ് ലേര ഒട്ടും പ്രൊഫഷണൽ അല്ല എന്നുള്ളത് ഇതിലൂടെ തെളിഞ്ഞു എന്നുമാണ് യങ്ങ് ബോയ്സ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്. ഏതായാലും തുർക്കിഷ് ഫുട്ബോളിൽ ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല. പലപ്പോഴും തുർക്കിയിൽ ഇത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാവാറുണ്ട്.