ക്ലബ് വേൾഡ് കപ്പിൽ ഇനി അടിമുടി മാറ്റം, പുതിയ ഫോർമാറ്റ് അറിയൂ!
കഴിഞ്ഞ വർഷത്തെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന് ദിവസങ്ങൾക്കു മുന്നേയായിരുന്നു വിരാമമായത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനെ പരാജയപ്പെടുത്തിക്കൊണ്ട് റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയിരുന്നു. ഇത് അഞ്ചാം തവണയാണ് റയൽ മാഡ്രിഡ് ലോക ചാമ്പ്യന്മാർ ആകുന്നത്.
നിലവിൽ ഓരോ വൻകരയിലെയും ക്ലബ്ബ് ജേതാക്കളായ 7 ടീമുകളാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ പങ്കെടുക്കുന്നത്. ഈ ഫോർമാറ്റ് തന്നെയാണ് 2023,2024 വർഷങ്ങളിലെ ക്ലബ്ബ് വേൾഡ് കപ്പിൽ ഉണ്ടാവുക. എന്നാൽ 2025 ക്ലബ് വേൾഡ് കപ്പിൽ അടിമുടി മാറ്റങ്ങൾ സംഭവിക്കും.
അതായത് ആകെ 32 ടീമുകളാണ് പങ്കെടുക്കുക.ജൂൺ,ജൂലൈ മാസങ്ങളിലായാണ് ഈ ടൂർണമെന്റ് അരങ്ങേറുക. യൂറോപ്പിൽ നിന്ന് ആകെ 12 ടീമുകൾക്ക് യോഗ്യത കരസ്ഥമാക്കാൻ സാധിക്കും. പക്ഷേ എങ്ങനെയാണ് യോഗ്യത ലഭിക്കുക എന്നുള്ളത് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. സൗത്ത് അമേരിക്കയിൽ നിന്നും ആറ് ടീമുകൾക്ക് യോഗ്യത നേടാം. ഇവിടെയും യോഗ്യത എങ്ങനെയെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല. വൈകാതെ തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യയിൽ നിന്ന് നാല് ക്ലബ്ബുകൾ,ആഫ്രിക്കയിൽ നിന്ന് നാല് ക്ലബ്ബുകൾ,കോൺകകാഫിൽ നിന്ന് 4 ക്ലബ്ബുകൾ, ഒരു ഓഷ്യാനിയ ക്ലബ്ബും ആതിഥേയ രാജ്യത്തിലെ ഒരു ക്ലബ്ബും ആണ് ഈ വേൾഡ് കപ്പിൽ പങ്കെടുക്കുക.ഏതായാലും ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻതന്നെ ഫിഫ പുറത്തുവിട്ടേക്കും.ഒരു വലിയ ടൂർണമെന്റ് ആയി കൊണ്ട് ഇതോടുകൂടി മാറാൻ ഫിഫ ക്ലബ് വേൾഡ് കപ്പിന് കഴിയുകയും ചെയ്യും.