ക്രിസ്റ്റ്യാനോ ഒറ്റക്ക് കയ്യടക്കി വെച്ചിരുന്ന റെക്കോർഡ് പങ്കിടാനെത്തിയത് ഒമ്പത് റയൽ താരങ്ങൾ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തിക്കൊണ്ട് റയൽ മാഡ്രിഡ് കിരീടം ചൂടിയിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറായിരുന്നു റയലിന്റെ വിജയ ഗോൾ കരസ്ഥമാക്കിയത്.ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് ഇപ്പോൾ സ്വന്തമാക്കിയത്.

ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ടീം റയൽ മാഡ്രിഡ് തന്നെയാണ്. എന്നാൽ ഇതുവരെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ താരമെന്ന റെക്കോർഡ്, അത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലായിരുന്നു. അഞ്ച് തവണയായിരുന്നു റൊണാൾഡോ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നത്.2008-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമായിരുന്നു റൊണാൾഡോ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്. പിന്നീട് 2014,2016,2017,2018 എന്നീ വർഷങ്ങളിൽ അദ്ദേഹം റയലിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടി.

എന്നാൽ ഇതുവരെ റൊണാൾഡോ ഒറ്റക്ക് കൈയ്യടക്കി വെച്ചിരുന്ന റെക്കോർഡ് പങ്കിടാൻ ഇപ്പോൾ 9 റയൽ മാഡ്രിഡ് താരങ്ങൾ കൂടി കടന്നുവന്നിട്ടുണ്ട്.ഗാരെത് ബെയിൽ,കരിം ബെൻസിമ,ഡാനി കാർവഹൽ,കാസമിറോ,ഇസ്‌ക്കോ,ടോണി ക്രൂസ്,മാഴ്സെലോ,ലുക്ക മോഡ്രിച്ച്,നാച്ചോ എന്നിവരാണ് 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്.2014,2016,2017,2018,2022 എന്നീ വർഷങ്ങളിലാണ് ഈ 9 താരങ്ങൾ റയലിനൊപ്പം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുള്ളത്.

അതുമാത്രമല്ല ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ഈ 10 താരങ്ങളും റയലിനു വേണ്ടി കളിച്ചവരാണ്. അതായത് യുവേഫ ചാമ്പ്യൻസ് ലീഗിലെ സർവമേഖലയിലും റയൽ മാഡ്രിഡിന്റെ ആധിപത്യമാണ് നമുക്ക് കാണാനാവുക.

Leave a Reply

Your email address will not be published. Required fields are marked *