ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നെങ്കിൽ റയലിന് എളുപ്പത്തിൽ സിറ്റിയെ മറികടക്കാമായിരുന്നു: അഡബയോർ

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ ക്വാർട്ടറിൻ്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ്. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് 2-1ൻ്റെ തോൽവി അറിഞ്ഞ റയലിന് ഈ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അതൊട്ടും എളുപ്പമാവില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. മാഞ്ചസ്റ്റർ സിറ്റിയുടെയും റയൽ മാഡ്രിഡിൻ്റെയും മുൻ താരമായ ഇമ്മാനുവെൽ അഡബായോറും ഇതേ അഭിപ്രായക്കാരനാണ്. അദ്ദേഹം പറയുന്നത് റയലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നെങ്കിൽ അവർക്ക് കാര്യങ്ങൾ എളുപ്പമാവുമായിരുന്നു എന്നാണ്.

പ്രമുഖ മാധ്യമമായ ASന് നൽകിയ അഭിമുഖത്തിൽ സിറ്റിയെ മറികടക്കാൻ റയലിനാവുമോ എന്ന ചോദ്യത്തിന് അഡബായോർ നൽകിയ മറുപടി ഇങ്ങനെ: “2 വർഷം മുമ്പാണ് നിങ്ങളീ ചോദ്യം ചോദിച്ചിരുന്നതെങ്കിൽ ഞാൻ ഉറപ്പായും റയലിന് സിറ്റിയെ തോൽപ്പിക്കാനാവും എന്ന് പറഞ്ഞേനെ! ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നെങ്കിൽ അവർ തീർച്ചയായും ഫേവറിറ്റുകളാവും. അദ്ദേഹം ഒരു ഗോൾ മെഷീനാണ്. ഏത് നിമിഷവും കളിയുടെ ഫലം മാറ്റിമറിക്കാൻ ക്രിസ്റ്റ്യാനോ ക്കാവും. ഒരു സീസണിൽ ഉറപ്പായും 50 ഗോളുകൾ നേടാൻ കെൽപ്പുള്ള താരമാണദ്ദേഹം. ഇപ്പോൾ ബെർണാബ്യുവിൽ 2 – 1ന് പരാജയപ്പെട്ട് നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇത്തിഹാദിൽ പോയി വിജയിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. എന്നാലും അത് അസാധ്യമാണ് എന്ന് ഞാൻ പറയുന്നില്ല. കരീം ബെൻസീമ, മാഴ്സലോ തുടങ്ങിയ ഒരുപാട് പരിചയ സമ്പത്തുള്ള താരങ്ങൾ റയൽ മാഡ്രിഡിനുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *