ക്യാമ്പ് നൗവിൽ എംബാപ്പെ നിറഞ്ഞാടി, ബാഴ്‌സ നാണംകെട്ടു!
ഇന്നലെ ചാമ്പ്യൻസ് ലീഗ് നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിലെ ആദ്യപാദ മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക് നാണംകെട്ട തോൽവി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പിഎസ്ജിബാഴ്സയെ കീഴടക്കിയത്. ഹാട്രിക് നേടിക്കൊണ്ട് പിഎസ്ജിയെ മുന്നിൽ നിന്ന് നയിച്ച എംബാപ്പെയാണ് ബാഴ്‌സക്ക് വമ്പൻ തോൽവി സമ്മാനിച്ചത്. പിഎസ്ജിയുടെ ശേഷിക്കുന്ന ഗോൾ മോയ്സെ കീൻ നേടിയപ്പോൾ ബാഴ്സയുടെ ആശ്വാസഗോൾ ലയണൽ മെസ്സിയുടെ വകയായിരുന്നു. സ്വന്തം മൈതാനമായ ക്യാമ്പ് നൗവൽ വെച്ചാണ് ഈ കൂറ്റൻ തോൽവി വഴങ്ങേണ്ടി വന്നത് എന്നുള്ളത് ബാഴ്സക്ക് വമ്പൻ തിരിച്ചടിയാണ്. ഇനി രണ്ടാം പാദ മത്സരത്തിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ബാഴ്സക്ക് ക്വാർട്ടറിലേക്ക് മുന്നേറാൻ കഴിയുകയുള്ളൂ.പിഎസ്ജിയുടെ ആക്രമണത്തിന് മുന്നിൽ പകച്ച് നിന്ന ബാഴ്സയെയാണ് ഇന്നലെ കാണാൻ സാധിച്ചത്.
MBAPPE. HAT-TRICK. pic.twitter.com/uULVl7kMWr
— B/R Football (@brfootball) February 16, 2021
മെസ്സി, ഡെംബലെ, ഗ്രീസ്‌മാൻ എന്നിവരെ കൂമാൻ അണിനിരത്തിയപ്പോൾ എംബാപ്പെ, കീൻ, ഇകാർഡി എന്നിവരെയാണ് പിഎസ്ജി അണിനിരത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും കളി ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു.27-ആം മിനിറ്റിലാണ് ബാഴ്സക്ക് അനുകൂലമായ പെനാൽറ്റി ലഭിക്കുന്നത്. ഡിജോങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യം കാണുകയായിരുന്നു.എന്നാൽ 32-ആം മിനുട്ടിൽ എംബാപ്പെ ഇതിന് മറുപടി നൽകി. വെറാറ്റിയുടെ പാസ് സ്വീകരിച്ച എംബാപ്പെ ഒരു കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.രണ്ടാം പകുതിയുടെ 65-ആം മിനിറ്റിലാണ് എംബാപ്പെയുടെ രണ്ടാം ഗോൾ വരുന്നത്. ബാഴ്സ പ്രതിരോധത്തിന്റെ പിഴവ് എംബാപ്പെ മുതലെടുക്കുകയായിരുന്നു.അഞ്ച് മിനുട്ടുകൾക്ക് ശേഷം കീൻ ഗോൾ കണ്ടെത്തി. പരേഡസിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്.85-ആം മിനിറ്റിലാണ് എംബാപ്പെ ഹാട്രിക് പൂർത്തിയാക്കുന്നത്.ഒരു കൌണ്ടർ അറ്റാക്കിനൊടുവിൽ ഡ്രാക്സ്ലർ നൽകിയ പന്ത് മനോഹരമായ ഒരു ഷോട്ടിലൂടെ എംബാപ്പെ വലയിലെത്തിച്ചതോടെ ബാഴ്സ പതനം പൂർണ്ണമായി.
Mbappe both times he’s faced Messi: ⚽️⚽️ pic.twitter.com/CqEJgcGyvi
— B/R Football (@brfootball) February 16, 2021