കൂമാൻ-പിർലോ, ഇരുവരും മുഖാമുഖം വരുമ്പോൾ ഓർക്കാൻ സാമ്യതകളേറെ !

കളത്തിനകത്ത് മായാജാലം കാണിച്ചതിന് ശേഷം പരിശീലകസ്ഥാനത്തേക്ക് കടന്നു വന്ന രണ്ട് സൂപ്പർ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് ഫുട്ബോൾ ലോകം കാതോർത്തിരിക്കുന്നത്. നാല്പത് വർഷത്തെ ഫുട്ബോൾ ചരിത്രത്തിൽ ഇരുവർക്കും സാമ്യതകളേറെയുണ്ട്. ബാഴ്സക്ക് വേണ്ടി കളിച്ച് ബാഴ്സയുടെ പരിശീലകനായ കൂമാനും യുവന്റസിന് വേണ്ടി യുവന്റസിന്റെ തന്നെ പരിശീലകനായ പിർലോയും തമ്മിൽ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്‌ ഘട്ടത്തിലാണ് പോരടിക്കുന്നത്.രണ്ടു പേരും തങ്ങളുടെ കരിയറിൽ കളിക്കാരനായി കൊണ്ട് പത്തൊൻപത് കിരീടങ്ങളാണ് ഇതുവരെ നേടിയിട്ടുള്ളത്. 1980-ൽ എഫ്സി ഗ്രോനിങ്കന് വേണ്ടിയാണ് കൂമാൻ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അയാക്സ്, പിഎസ്‌വി, ഫെയെനൂർദ്, ബാഴ്സ എന്നിവർക്ക് വേണ്ടിയെല്ലാം പന്ത് തട്ടി. പിർലോയാവട്ടെ തന്റെ പതിനഞ്ചാം വയസ്സിൽ ബ്രെസിയക്ക് വേണ്ടി അരങ്ങേറിയിട്ടുണ്ട്. തുടർന്ന് എസി മിലാന് വേണ്ടിയും യുവന്റസിന് വേണ്ടിയും തന്റെ ഭൂരിഭാഗം കരിയറും ചിലവഴിച്ച താരം പിന്നീട് ന്യൂയോർക്ക് സിറ്റി എഫ്സിയിലും കളിച്ചിരുന്നു.

കൂമാൻ കളിക്കാരനായി കൊണ്ട് യുവന്റസിനെ രണ്ട് തവണ നേരിട്ടുണ്ട്. 1990/91 സീസണിൽ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പിന്റെ സെമി ഫൈനലിൽ ആയിരുന്നു അത്. അന്ന് ആദ്യ പാദത്തിൽ ബാഴ്‌സ 3-1 ന് ജയിച്ചപ്പോൾ രണ്ടാം പാദത്തിൽ യുവന്റസ് 1-0 വിജയിച്ചു. എങ്കിലും കൂമാൻ ഉൾപ്പെടുന്ന ബാഴ്‌സ ഫൈനലിൽ പ്രവേശിച്ചു. പരിശീലകൻ എന്ന നിലയിൽ കൂമാൻ യുവന്റസിനെ നേരിട്ടത് 2004/05 സീസണിലായിരുന്നു. അയാക്സിന്റെ പരിശീലകനായിരുന്ന കൂമാൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്‌ സ്റ്റേജിൽ രണ്ട് പാദങ്ങളിലും 1-0 എന്ന സ്കോറിനാണ് യുവന്റസിനോട് തോറ്റത്. പിർലോ കളിക്കാരനായി കൊണ്ട് ബാഴ്‌സയെ അഞ്ച് തവണ നേരിട്ടിട്ടുണ്ട്.നാലെണ്ണം എസി മിലാന് വേണ്ടിയായിരുന്നു. അതിൽ ഒരു മത്സരം മിലാൻ വിജയിച്ചപ്പോൾ രണ്ട് തോൽവിയും രണ്ട് സമനിലയും ഏറ്റുവാങ്ങേണ്ടി വന്നു. അവസാനമായി പിർലോ ബാഴ്‌സയെ നേരിട്ടത് യുവന്റസിലായിരുന്ന കാലത്തായിരുന്നു. 2015 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിർലോ അടങ്ങിയ യുവന്റസ് 3-1 ആണ് ബാഴ്‌സയോട് തോറ്റത്. ഇപ്പോഴിതാ പരിശീലകവേഷത്തിൽ ആദ്യമായി ബാഴ്‌സയെ നേരിടാനൊരുങ്ങുകയാണ് പിർലോ.

Leave a Reply

Your email address will not be published. Required fields are marked *