കിരീടം നേടുമോ?ഫ്ലിക്ക് പറയുന്നു!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്.വൈരികളായ ബയേണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർതാരമായ റാഫിഞ്ഞയുടെ ഹാട്രിക്കാണ് ബാഴ്സക്ക് ഈയൊരു തകർപ്പൻ വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ റോബർട്ട് ലെവന്റോസ്ക്കിയുടെ വകയായിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ബാഴ്സ ബയേണിനെതിരെ വിജയം സ്വന്തമാക്കുന്നത്.

പരിശീലകനായ ഹാൻസി ഫ്ലിക്കിന് കീഴിൽ ഗംഭീര പ്രകടനമാണ് ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പലരും ഇത്തവണ ബാഴ്സക്ക് കിരീട സാധ്യതകൾ കൽപ്പിക്കുന്നുണ്ട്. ബാഴ്സ കിരീടം ഫേവറൈറ്റുകളാണോ എന്ന ചോദ്യത്തോട് പരിശീലകനായ ഫ്ലിക്ക് തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ പറയാനായിട്ടില്ല എന്നാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞങ്ങൾ കിരീട ഫേവറേറ്റുകളാണ് എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. അത് നേരത്തെ ആയിപ്പോവും. ഞങ്ങൾ ഇപ്പോൾ ആരംഭിച്ചതേ ഉള്ളൂ. ഓരോ ഓരോ മത്സരത്തെയും വ്യത്യസ്തമായി പരിഗണിക്കുന്നവരാണ് ഞങ്ങൾ.ഞങ്ങൾ നന്നായി ഹാർഡ് വർക്ക് ചെയ്യുകയും അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവരാണ്. ഇനി ശനിയാഴ്ച ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടേറിയ മത്സരമുണ്ട്. പഴയ ബാഴ്സ തിരിച്ചുവന്നു എന്ന് പറയാനായിട്ടില്ല. കാരണം സീസൺ തുടങ്ങിയിട്ടേ ഉള്ളൂ ” ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടു വിജയവും ഒരു തോൽവിയും ബാഴ്സ നേടിയിട്ടുള്ളത്.ലാലിഗയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബാഴ്സ തന്നെയാണ്. ഇനി ചിരവൈരികളായ റയൽ മാഡ്രിഡിനെയാണ് അവർക്ക് നേരിടേണ്ടിവരുന്നത്. വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *