കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം: താരങ്ങൾക്കെതിരെ തിരിഞ്ഞ് സാവി.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഉക്രൈൻ ക്ലബ്ബായ ഷാക്തർ ഡോണസ്ക്കാണ് ബാഴ്സയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിട്ടുള്ളത്.അവരുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു മത്സരം നടന്നിരുന്നത്. മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ സിക്കാൻ നേടിയ ഗോളാണ് ബാഴ്സക്ക് തോൽവി സമ്മാനിച്ചത്.

ഈ തോൽവിയിൽ ബാഴ്സയുടെ പരിശീലകനായ സാവി വളരെയധികം നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലുള്ള ബാഴ്സയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ മത്സരത്തിൽ കണ്ടത് എന്നാണ് സാവി ആരോപിച്ചിട്ടുള്ളത്. മത്സരത്തിൽ ഇന്റൻസിറ്റി തീരെ ഇല്ലായിരുന്നുവെന്നും ബാഴ്സ പരിശീലകൻ ആരോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ചാമ്പ്യൻസ് ലീഗ് എപ്പോഴും ഹൈ ലെവലിൽ ഉള്ള പ്രകടനം ഡിമാൻഡ് ചെയ്യുന്നുണ്ട്.ഇന്ന് ഞങ്ങളത് പുറത്തെടുത്തിട്ടില്ല.ഞങ്ങൾ മടങ്ങുന്നത് ദേഷ്യത്തോട് കൂടിയാണ്. മത്സരത്തിൽ ഞങ്ങൾക്ക് ഇന്റൻസിറ്റി ഇല്ലായിരുന്നു.കൃത്യമായി ഇടപെടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എത്രയും പെട്ടെന്ന് ഞങ്ങൾ ഇംപ്രൂവ് ആവേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഞങ്ങൾ കളിച്ച ഏറ്റവും മോശം പ്രകടനം ഇതാണ്.ഞങ്ങൾ റീസെറ്റ് ചെയ്യേണ്ടതുണ്ട്.കംഫർട്ടബിൾ ആയിക്കൊണ്ട് ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. മാനസികമായി ഞങ്ങൾ തളർന്നു.ചെയ്യുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ്.എതിരാളികളിൽ സമ്മർദ്ദം ചെലുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.ഞങ്ങൾക്ക് മുന്നോട്ടു പോകേണ്ടതുണ്ട്. അതിന് വേണ്ടതെല്ലാം ചെയ്യും “ബാഴ്സലോണ പരിശീലകൻ പറഞ്ഞു.

പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ബാഴ്സ ഉള്ളത്. നാല് മത്സരങ്ങളിൽ നിന്ന് 9 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. അടുത്ത മത്സരത്തിൽ അലാവസാണ് ബാഴ്സയുടെ എതിരാളികൾ. ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *