ഒരേയൊരു ഫസ്റ്റ് ചോയ്സ് ഡിഫൻഡർ മാത്രം, ലിവർപൂൾ വെല്ലുവിളി അതിജീവിച്ച് റയൽ!

ഇന്നലെ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആൻഫീൽഡിൽ വെച്ച് ലിവർപൂളിനെ റയൽ സമനിലയിൽ തളക്കുകയായിരുന്നു. ഒരു ഗോൾ പോലും നേടാനാവാതെയാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. ഇതോടെ റയൽ സെമിയിൽ പ്രവേശിക്കുകയായിരുന്നു. ആദ്യപാദമത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ വിജയം നേടിയിരുന്നു. ഈ വിജയത്തിന്റെ പിൻബലത്തിലാണ് റയൽ സെമിയിലേക്ക് കടന്നത്. പ്രീമിയർ ലീഗിലെ തന്നെ ചെൽസിയാണ് റയലിന്റെ എതിരാളികൾ. അതേസമയം പ്രതികൂലസാഹചര്യങ്ങൾക്കിടയിലും ലിവർപൂളിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചു കൊണ്ടാണ് റയൽ സെമിയിലേക്ക് പ്രവേശിക്കുന്നത്. പ്രത്യേകിച്ച് പ്രതിരോധനിരയിലെ മൂന്ന് നിർണായക താരങ്ങൾ പരിക്ക് മൂലം പുറത്തായിട്ടും ഒരല്പം പോലും പതറാത്ത റയലിനെയാണ് ഇന്നലെ കാണാൻ സാധിച്ചത്.

നാല് പേർ അടങ്ങുന്ന റയലിന്റെ പ്രതിരോധനിരയിൽ ഒരേയൊരു താരം മാത്രമേ ഫസ്റ്റ് ചോയ്സ് ഉണ്ടായിരുന്നുള്ളൂ. ഫെർലാന്റ് മെന്റിയായിരുന്നു അത്‌. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ താരമാണ് കളിച്ചത്. അതേസമയം റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കാറുള്ള രണ്ട് താരങ്ങളും പരിക്ക് മൂലം പുറത്തായത് സിദാന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഡാനി കാർവഹലും ലുക്കാസ് വാസ്ക്കസുമായിരുന്നു അത്‌. പക്ഷെ ഇവിടെ സിദാൻ ഒരു പരീക്ഷണത്തിന് മുതിർന്നു. പ്രതിരോധത്തിൽ പരിചയസമ്പത്തില്ലാത്ത മധ്യനിര താരമായ ഫെഡേ വാൽവെർദെയെ സിദാൻ ഈ പൊസിഷനിൽ ഉപയോഗിച്ചു. താരം സിദാന്റെ വിശ്വാസം തെറ്റിച്ചില്ല. മികച്ച രൂപത്തിലാണ് അദ്ദേഹം ലിവർപൂളിനെതിരെ കളിച്ചത്. അതേസമയം റയലിന്റെ കുന്തമുനകളായ റാമോസ്, വരാനെ എന്നിവർ പരിക്കും കോവിഡുമായി പുറത്തായിരുന്നു. ഈ സ്ഥാനത്ത്‌ സിദാൻ പരിഗണിച്ചത് എഡർ മിലിറ്റാവോ-നാച്ചോ കൂട്ടുകെട്ടിനെയായിരുന്നു. ഇരുവരും പ്രശംസനീയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.മാനെ, സലാ, ഫിർമിഞ്ഞോ സഖ്യത്തെ ഫലപ്രദമായി പിടിച്ചു കെട്ടാൻ ഇരുവർക്കും സാധിച്ചു. ഇനി ഡിഫൻസിൽ എടുത്തു പറയേണ്ട രണ്ട് പേരുടെ പ്രകടനം കൂടിയുണ്ട്. ഗോൾകീപ്പർ കോർട്ടുവയും മിഡ്‌ഫീൽഡർ കാസമിറോയും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പലപ്പോഴും കോർട്ടുവ റയലിന്റെ രക്ഷകനാവുന്നതാണ് കാണാൻ സാധിച്ചത്. അതേസമയം കാസമിറോ കൂടി തന്റെ ഉത്തരവാദിത്തം നിർവഹിച്ചതോടെ റയൽ സെമിയിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. എല്ലാ കയ്യടികളും സിദാൻ എന്ന ചാണക്യനാണ് നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *