ഒരു കണ്ണ് കളത്തിലും ഒരു കണ്ണ് എന്നിലും:റഫറിയെ പരിഹസിച്ച് ഹോസേ മൊറിഞ്ഞോ!
ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. പതിനഞ്ചാം മിനിറ്റിൽ എറിക്സൺ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തെങ്കിലും രണ്ടാം പകുതിയിൽ നസീരി നേടിക്കൊടുത്ത ഗോൾ ഫെനർബാഷെക്ക് സമനില നൽകുകയായിരുന്നു. ഇതിഹാസ പരിശീലകനായ ഹോസേ മൊറിഞ്ഞോയാണ് ഇപ്പോൾ ഈ തുർക്കിഷ് ക്ലബ്ബിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഇന്നലെ അദ്ദേഹത്തിന് റെഡ് കാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മോശം പെരുമാറ്റം കാരണമാണ് റഫറിയായ ക്ലമെന്റ് ടർപിൻ മൊറിഞ്ഞോക്ക് റെഡ് കാർഡ് നൽകിയത്. ഇതിനെ പരിഹസിച്ചും വിമർശിച്ചും മൊറിഞ്ഞോ മത്സരശേഷം സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വളരെ അവിശ്വസനീയമായ ഒരു കാര്യമാണ് റഫറി എന്നോട് പറഞ്ഞത്. പെനാൽറ്റി ബോക്സിൽ നടക്കുന്ന കാര്യങ്ങൾ കാണുന്നതിനോടൊപ്പം ടച്ച് ലൈനിൽ ഉള്ള എന്റെ പെരുമാറ്റവും കാണാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടത്രേ.ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.കാരണം അത് അസാധാരണമായ ഒരു കഴിവ് തന്നെയാണ്. അദ്ദേഹത്തിന്റെ വിഷൻ ശരാശരി മണിക്കൂറിൽ നൂറു മൈൽസാണ്. ഒരു കണ്ണ് പെനാൽറ്റി ബോക്സിലും ഒരു കണ്ണ് എന്നിലും വെക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ട്.അതുകൊണ്ടാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച റഫറിമാരിൽ ഒരാളായി മാറുന്നത് ” ഇതാണ് റഫറിയെ പരിഹസിച്ചുകൊണ്ട് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
റെഡ് കാർഡ്കളും യെല്ലോ കാർഡുകളും മൊറിഞ്ഞോയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. എപ്പോഴും ഇത്തരത്തിലുള്ള വിവാദങ്ങളിൽ അകപ്പെടാറുള്ള പരിശീലകനാണ് മൊറിഞ്ഞോ. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് അദ്ദേഹത്തിന് കീഴിൽ ഫെനർബഷേക്ക് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അവർ ഉള്ളത്. അവരുടെ ചിരവൈരികളായ ഗലാറ്റസറെ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.