ഒരിക്കൽ കൂടി എതിരാളിയായി ക്രിസ്റ്റ്യാനോ, സിമയോണിക്ക് എളുപ്പമാവില്ല!

ഇന്നലെയായിരുന്നു യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ നറുക്കെടുപ്പ് നടന്നിരുന്നത്. ആദ്യ നറുക്കെടുപ്പിൽ അത്ലറ്റിക്കോക്ക് എതിരാളികളായി ലഭിച്ചത് കരുത്തരായ ബയേൺ മ്യൂണിക്കിനെയായിരുന്നു. എന്നാൽ ആ നറുക്കെടുപ്പ് റദ്ദാക്കിയതോടെ അതിൽ നിന്നും അത്ലറ്റിക്കോ രക്ഷപ്പെട്ടു. എന്നാൽ രണ്ടാമത്തെ നറുക്കെടുപ്പിൽ അത്ലറ്റിക്കോക്ക് ലഭിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ്.

യുണൈറ്റഡ് ഇപ്പോൾ മികച്ച ഫോമിൽ ഒന്നുമല്ലെങ്കിലും സിമ യോണിക്ക് തലവേദന സൃഷ്ടിക്കുന്നത് മറ്റൊരു കാര്യമാണ്. എന്തെന്നാൽ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്. ഒട്ടേറെ തവണ അത്ലറ്റിക്കോയുടെ വഴി മുടക്കിയയവനാണ് ക്രിസ്റ്റ്യാനോ എന്നതിന് കണക്കുകൾ സാക്ഷിയാണ്.

ആകെ തന്റെ കരിയറിൽ 35 മത്സരങ്ങളാണ് റൊണാൾഡോ അത്ലറ്റിക്കോക്കെതിരെ കളിച്ചിട്ടുള്ളത്.ഇതിൽ നിന്നായി 25 ഗോളുകളും 9 അസിസ്റ്റുകളും ക്രിസ്റ്റ്യാനോ അത്ലറ്റിക്കോക്കെതിരെ നേടിയിട്ടുണ്ട്.കൂടാതെ 4 ഹാട്രിക്കുകൾ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.അഞ്ച് തവണ അത്ലറ്റിക്കോയെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കാൻ റൊണാൾഡോയുടെ ടീമിന് സാധിച്ചിട്ടുണ്ട്. ഇങ്ങനെ ഏത് രൂപത്തിലുള്ള കണക്കുകൾ എടുത്താലും സിമയോണിക്ക് മുന്നിൽ ഒരു തടസ്സമാണ് റൊണാൾഡോ.

2019-ലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യപാദത്തിൽ അത്ലറ്റിക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുവന്റസിനെ പരാജയപ്പെടുത്തിയിരുന്നു. അതിന് ശേഷം സിമയോണി നടത്തിയ സെലിബ്രേഷൻ ശ്രദ്ദിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ ഹാട്രിക് നേടിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ തന്റെ പക തീർത്തത്. മാത്രമല്ല ആ സെലിബ്രേഷന് റൊണാൾഡോ മറുപടി നൽകുകയും ചെയ്തു. അത്തരത്തിലുള്ള ഒരു വൈരത്തിനാണ് ഒരിക്കൽ കൂടി ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *