ഒരിക്കലും നിങ്ങൾ റയൽ മാഡ്രിഡ് താരങ്ങളെ എഴുതി തള്ളരുത് : റിയോ ഫെർഡിനാന്റ്!

അത്ഭുതകരമായ ഒരു തിരിച്ചുവരവിനായിരുന്നു ഒരിക്കൽ കൂടി സാൻഡിയാഗോ ബെർണാബു സാക്ഷ്യംവഹിച്ചത്. മത്സരം അവസാനിക്കാൻ രണ്ടു മിനുട്ടുകൾ മാത്രം ശേഷിക്കെ രണ്ടുഗോളുകൾ നേടിക്കൊണ്ട് റയൽ മാഡ്രിഡ് തിരിച്ചുവരുകയായിരുന്നു. ഒടുവിൽ അധികസമയവും അവസാനിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിയെ തറ പറ്റിച്ചുകൊണ്ട് റയൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.

റയലിന്റെ ഈയൊരു അവിസ്മരണീയ തിരിച്ചു വരവിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് വാനോളം പ്രശംസിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഒരിക്കലും റയൽ മാഡ്രിഡ് താരങ്ങളേയോ ടീമിനെയോ എഴുതിത്തള്ളാൻ കഴിയില്ല എന്നാണ് റിയോ പറഞ്ഞിട്ടുള്ളത്. മത്സരത്തിനു ശേഷം ബിടി സ്പോർട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫെർഡിനാന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റയൽ മാഡ്രിഡ് താരങ്ങളെ നിങ്ങളൊരിക്കലും സംശയിക്കുകയോ എഴുതി തള്ളുകയോ ചെയ്യരുത്. നമ്മൾ എപ്പോഴും പറയാറുണ്ട് എക്സ്പീരിയൻസിന് ചാമ്പ്യൻസ് ലീഗിൽ വലിയ പ്രാധാന്യമുണ്ട് എന്നുള്ളത്.അവരുടെ ആത്മാർത്ഥതയാണ് അവർ തെളിയിച്ചത്. ഈ ടീമിലെ താരങ്ങൾ ഒട്ടേറെ തവണ ഇതൊക്കെ കണ്ടതാണ്. റയൽ സ്‌ക്വാഡിൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ഒരുപാട് താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ ടൂർണമെന്റ് അവരെ ഭയപ്പെടുത്തുകയില്ല. അവർ എവിടെയാണ് എന്നോ, ആരൊക്കെയാണ് എന്നോ ഇവിടെ വിഷയമല്ല. ഈ താരങ്ങൾ പരസ്പരം വിശ്വസിക്കുന്നു. പിന്നെ ഈ ആരാധകർ, അവർ അമ്പരപ്പിക്കുന്നതാണ് ” ഇതാണ് റിയോ പറഞ്ഞിട്ടുള്ളത്.

ഫൈനലിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളാണ് റയലിന്റെ എതിരാളികൾ. മെയ് 29 ആം തീയ്യതിയാണ് കലാശപ്പോരാട്ടം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *