എന്തുകൊണ്ടാണ് റയൽ 15 കിരീടങ്ങൾ സ്വന്തമാക്കിയതെന്ന് ഇപ്പോൾ ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി: വിശദീകരിച്ച് ബൊറൂസിയ കോച്ച്
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയിച്ചത്. രണ്ടാം പകുതിയിൽ കാർവഹൽ,വിനീഷ്യസ് എന്നിവർ നേടിയ ഗോളുകളാണ് റയൽ മാഡ്രിഡിന് വിജയം സമ്മാനിച്ചത്.തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം റയൽ ഷെൽഫിലേക്ക് എത്തിക്കുകയായിരുന്നു.
ആദ്യപകുതിയിൽ മികച്ച പ്രകടനമാണ് ബൊറൂസിയ നടത്തിയത്.നിരവധി അവസരങ്ങൾ അവർക്ക് ലഭിക്കുകയും ചെയ്തു. നിർഭാഗ്യവും റയൽ മാഡ്രിഡ് ഗോൾകീപ്പറായ കോർട്ടുവയും അവർക്ക് തടസ്സമാവുകയായിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ പതിവുപോലെ റയൽ മാഡ്രിഡ് അടിച്ചു കയറി വന്നു. നിരന്തരം ആക്രമണങ്ങൾ നടത്തിയ റയൽ മാഡ്രിഡ് അർഹിച്ച രണ്ടു ഗോളുകൾ നേടുകയും ചെയ്തു.
എന്തുകൊണ്ടാണ് റയൽ മാഡ്രിഡ് 15 കിരീടങ്ങൾ നേടിയത് എന്നത് തങ്ങൾക്ക് ഇപ്പോൾ കൃത്യമായി മനസ്സിലായി എന്ന് ബൊറൂസിയ കോച്ച് എഡിൻ ടെർസിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.റയൽ മാഡ്രിഡിന്റെ കാര്യക്ഷമതയെ പ്രശംസിക്കുകയായിരുന്നു അദ്ദേഹം.ടെർസിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്തുകൊണ്ടാണ് റയൽ മാഡ്രിഡ് 15 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയത് എന്നത് ഞങ്ങൾക്ക് ഇന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ എഫിഷ്യൻസി തന്നെയാണ് അതിന്റെ കാരണം.ഞങ്ങൾക്ക് ഈ മത്സരത്തിൽ ഇല്ലാതിരുന്നതും ഈ കാര്യക്ഷമത തന്നെയായിരുന്നു.ഞാൻ അവരെ അഭിനന്ദിക്കുന്നു. അവർ ഒരിക്കൽ കൂടി ചാമ്പ്യന്മാരായിരിക്കുന്നു ” ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
7 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ AC മിലാനാണ് രണ്ടാം സ്ഥാനത്തുള്ളത്.അവർ നേടിയതിനെക്കാൾ ഇരട്ടിയിൽ കൂടുതൽ കിരീടങ്ങൾ ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞു. പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആകെ ചരിത്രത്തിൽ 15 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.റയൽ മാഡ്രിഡ് തനിച്ച് 15 കിരീടങ്ങൾ ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു.