എനിക്ക് പ്രഷറുണ്ട് : ചാമ്പ്യൻസ് ലീഗ് ഫൈനലിനെ കുറിച്ച് ഹാലന്റ്!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഇസ്താംബൂളിൽ വെച്ചാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക. മാഞ്ചസ്റ്റർ സിറ്റിക്കാണ് പലരും കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്ത ടീം കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.
ഈ സീസണിൽ സിറ്റിക്ക് വേണ്ടി അവിശ്വസനീയമായ പ്രകടനമാണ് സൂപ്പർ താരം ഹാലന്റ് നടത്തിയിട്ടുള്ളത്. ആകെ 50ൽ പരം ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഫൈനൽ മത്സരത്തിന് ഇറങ്ങുമ്പോഴും ആരാധകരുടെ പ്രതീക്ഷകൾ ഹാലന്റിൽ തന്നെയാണ്.അതുകൊണ്ടുതന്നെ തനിക്ക് സമ്മർദ്ദമുണ്ട് എന്നുള്ള കാര്യം ഹാലന്റ് തുറന്നു പറഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിന് വേണ്ടിയാണ് തന്നെ കൊണ്ടുവന്നിട്ടുള്ളതൊന്നും ഹാലന്റ് കൂട്ടിച്ചേർത്തു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
24 hours ⏳ pic.twitter.com/mNHBPEBmeO
— Erling Haaland (@ErlingHaaland) June 9, 2023
” തീർച്ചയായും എനിക്ക് വളരെയധികം സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്.എനിക്ക് സമ്മർദ്ദമില്ല എന്ന് ഞാൻ പറഞ്ഞാൽ അത് നുണയാണ്. ഞാൻ ഇല്ലാതെ സിറ്റി പ്രീമിയർ ലീഗ് കിരീടം നിരവധി തവണ നേടിയിട്ടുണ്ട്. മറ്റെല്ലാ കിരീടങ്ങളും എന്റെ അഭാവത്തിൽ സിറ്റി നേടിയിട്ടുണ്ട്.ഞാൻ ഇവിടെ എത്തിയിട്ടുള്ളത് ചാമ്പ്യൻസ് ലീഗ് കിരീടം സിറ്റിക്ക് നേടി കൊടുക്കാൻ വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഞാൻ എന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കും. പ്രീമിയർ ലീഗ് എങ്ങനെയാണ് എന്നുള്ളത് കൃത്യമായി ക്ലബ്ബിന് അറിയാം.ചാമ്പ്യൻസ് ലീഗ് മാത്രമാണ് മിസ്സ് ആയിരിക്കുന്നത്. ഞാൻ ഇവിടെ വന്നതിന് ഒരു കാരണമുണ്ട്. ആ കാരണം ചാമ്പ്യൻസ് ലീഗ് തന്നെയാണ് ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റാണ്.12 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. പ്രീമിയർ ലീഗ് കിരീടവും FA കപ്പും സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടിക്കഴിഞ്ഞാൽ ഹാലന്റിന് ബാലൺഡി’ഓർ സാധ്യത വർദ്ധിക്കുകയും ചെയ്യും.