എംബപ്പേ റയൽ മാഡ്രിഡിലെത്തണം:ആഗ്രഹം തുറന്ന് പറഞ്ഞ് മോഡ്രിച്ച്!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റയലിന്റെ എതിരാളികൾ പിഎസ്ജിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ആദ്യപാദ മത്സരത്തിൽ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടിയപ്പോൾ ആ ഗോൾ നേടിയത് കിലിയൻ എംബപ്പേയായിരുന്നു.
ഏതായാലും കിലിയൻ എംബപ്പേ റയൽ മാഡ്രിഡിൽ എത്താൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ ലുക്ക മോഡ്രിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.എംബപ്പേക്കൊപ്പം താൻ കളിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് മോഡ്രിച്ച് പറഞ്ഞത്. മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരം.മോഡ്രിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 9, 2022
” മികച്ച താരങ്ങളോടൊപ്പം കളിക്കുക എന്നുള്ളത് ഞങ്ങളുടെ ആഗ്രഹമാണ്.കിലിയൻ എംബപ്പേ അത്തരത്തിലുള്ള ഒരു താരമാണ്. തീർച്ചയായും അദ്ദേഹത്തോടൊപ്പം കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. മറ്റുള്ള താരങ്ങളെ കുറിച്ച് സംസാരിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ക്ലബുകൾ ദേഷ്യപ്പെടാൻ സാധ്യതയുണ്ട്. നമ്മൾ പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കാൻ സാധ്യതയുണ്ട്.പക്ഷേ എംബപ്പേ തന്റെ ടീമിൽ വേണമെന്ന് ആഗ്രഹിക്കാത്ത ഒരൊറ്റ താരവും നിലനിൽക്കുന്നുണ്ട് എന്നുള്ളത് എനിക്ക് തോന്നുന്നില്ല ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.
ഈ സീസണോട് കൂടിയാണ് എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. താരം കരാർ പുതുക്കിയിട്ടില്ല. ഭാവിയെക്കുറിച്ച് തീരുമാനമെടുത്തിട്ടുമില്ല. താരത്തെ എങ്ങനെയെങ്കിലും സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ റയലുള്ളത്.