എംബപ്പേ റയലിനെ മോശമാക്കുകയാണ് ചെയ്തത്: വിമർശനങ്ങളുമായി മുൻ താരം
സമീപകാലത്ത് മോശം പ്രകടനമാണ് വമ്പൻമാരായ റയൽ മാഡ്രിഡ് നടത്തിക്കൊണ്ടിരിക്കുന്നത്.ഒരുപാട് തോൽവികൾ അവർക്ക് ഇപ്പോൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂളിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അവർക്ക് പരാജയപ്പെടേണ്ടി വന്നിരുന്നു. മത്സരത്തിൽ സൂപ്പർ താരം എംബപ്പേ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.ഒരു പെനാൽറ്റി അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു.
എംബപ്പേക്ക് റയലിൽ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ജർമ്മൻ താരമായിരുന്ന ഡയറ്റ്മർ ഹമാൻ.എംബപ്പേ റയലിനെ മോശമാക്കുകയാണ് ചെയ്തിട്ടുള്ളത് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. അദ്ദേഹം പറഞ്ഞത് നോക്കാം.
“എംബപ്പേ റയലിനെ ഇംപ്രൂവ് ആക്കിയിട്ടില്ല എന്നുള്ളത് മാത്രമല്ല കൂടുതൽ മോശമാക്കുകയാണ് ചെയ്തിട്ടുള്ളത്.ഒരുപാട് സൂപ്പർ താരങ്ങൾ ഇപ്പോൾ അവിടെയുണ്ട്.അതിൽ പലരും തിളങ്ങാൻ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരെ മികച്ചവരാക്കാൻ കെൽപ്പുള്ള താരങ്ങൾ ഇന്ന് റയലിൽ ഇല്ല.അതാണ് റയലിന്റെ പ്രശ്നം.എംബപ്പേ വന്നതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ജൂഡ് ബെല്ലിങ്ങ്ഹാമാണ്. കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് വേണ്ടത്ര സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ എംബപ്പേ വന്നതോടെ അത് പോയി. ഇന്ന് റയൽ ടീമിൽ ഉള്ള മൂന്നോ നാലോ താരങ്ങൾ ഡിഫൻഡിങ്ങിൽ പങ്കെടുക്കുന്നില്ല.അതൊരിക്കലും നല്ല കാര്യമല്ല.
എംബപ്പേയും വിനിയും ഡിഫൻഡ് ചെയ്യുന്നില്ല.റോഡ്രിഗോ ചില സമയത്ത് മാത്രമാണ് അത് ചെയ്യുന്നത്.ആറോ ഏഴോ താരങ്ങളെ മാത്രം വെച്ചുകൊണ്ട് ഡിഫൻഡ് ചെയ്യാൻ സാധിക്കില്ല.ലാലിഗയിൽ ഒരുപക്ഷേ വിജയിച്ചേക്കാം. പക്ഷേ ചാമ്പ്യൻസ് ലീഗിൽ അത് നടപ്പില്ല. ഒരുപാട് മികച്ച താരങ്ങൾ അവർക്കുണ്ട്. പക്ഷേ ടീം എന്ന നിലയിൽ തിളങ്ങാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ കിരീടങ്ങൾ നേടാൻ അവർക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല “ഇതാണ് മുൻ ജർമ്മൻ താരം പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിൽ 5 മത്സരങ്ങൾ കളിച്ചപ്പോൾ മൂന്ന് തോൽവികൾ റയൽ മാഡ്രിഡിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇനി മുന്നോട്ടുപോകണമെങ്കിൽ അവർക്ക് വിജയങ്ങൾ അനിവാര്യമാണ്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ അറ്റലാന്റയാണ് അവരുടെ എതിരാളികൾ.