എംബപ്പേ ഇല്ലാത്തത് തോൽവിക്കുള്ള ന്യായീകരണമല്ല : പോച്ചെട്ടിനോ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിഎസ്ജി മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-1 ന്റെ തോൽവി ഏറ്റുവാങ്ങി കൊണ്ട് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. മത്സരത്തിൽ ഒരു ചലനവും സൃഷ്ടിക്കാതെയാണ് നെയ്മറും സംഘവും കീഴടങ്ങിയത്. മാത്രമല്ല സൂപ്പർ താരം കിലിയൻ എംബപ്പേക്ക് ഇന്നലെ കളിക്കാൻ സാധിച്ചിരുന്നില്ല. താരത്തിന്റെ അഭാവമല്ല തോൽവിക്ക് കാരണമെന്നും അത്‌ ന്യായീകരണമല്ലെന്നും പ്രസ്താവിച്ചിരിക്കുകയാണ് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ വിജയിച്ചു കൊണ്ട് ഫൈനലിൽ കയറിയ മാഞ്ചസ്റ്റർ സിറ്റിയെയും പെപ് ഗ്വാർഡിയോളയെയും അഭിനന്ദിക്കാനും പോച്ചെട്ടിനോ മറന്നില്ല.

” ഞാൻ ആദ്യം മാഞ്ചസ്റ്റർ സിറ്റിക്ക് അഭിനന്ദനങ്ങൾ നേരുന്നു.കാരണം അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ഫന്റാസ്റ്റിക് സീസൺ ആണ്.ഒരുപാട് സീസണിലെ ശ്രമത്തിന് ശേഷം പെപ് ഗ്വാർഡിയോള ഫൈനലിൽ എത്തിയിരിക്കുന്നു.അതേസമയം ഞാൻ എന്റെ ടീമിലും അഭിമാനം കൊള്ളുന്നുണ്ട്.എംബപ്പേ ഇല്ലായിരുന്നു എന്നുള്ളത് തോൽവിക്കുള്ള ന്യായീകരണമല്ല.അദ്ദേഹത്തിന് ടീമിനെ സഹായിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് സത്യം. പക്ഷേ ടീം മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.രണ്ട് മത്സരങ്ങളിലും കുറച്ചു സമയം ഞങ്ങൾ 10 പേരുമായാണ് കളിച്ചത്. അത്‌ എതിരാളികൾക്ക് മുൻ‌തൂക്കം നൽകി.ഇത്‌ ഞങ്ങളുടെ രാത്രിയായിരുന്നില്ല.ചില സമയങ്ങളിൽ ഫുട്ബോളിൽ ഭാഗ്യം കൂടി തുണക്കേണ്ടതുണ്ട്.ഞങ്ങളുടെ പ്ലാൻ അനുസരിച്ച് തന്നെയാണ് ഞങ്ങൾ കളിച്ചത്.നല്ല രീതിയിൽ തുടങ്ങി. അവസരങ്ങൾ ഉണ്ടാക്കിയെടുത്തു.പക്ഷേ മുതലെടുക്കാൻ കഴിഞ്ഞില്ല ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *