എംബപ്പേയാണോ ഹാലണ്ടാണോ മികച്ച താരം? ഹെൻറി വിശദീകരിക്കുന്നു!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരങ്ങളിൽ തിളങ്ങിയത് യുവ സൂപ്പർതാരങ്ങളായ എർലിംഗ് ഹാലണ്ടും കിലിയൻ എംബപ്പേയുമാണ്. രണ്ടുപേരും തങ്ങളുടെ ടീമുകൾക്ക് വേണ്ടി രണ്ടു ഗോളുകൾ വീതം നേടുകയായിരുന്നു. മാത്രമല്ല ഇരുവരും ഓരോ റെക്കോർഡുകൾ ചാമ്പ്യൻസ് ലീഗിൽ കുറിച്ച് കഴിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 25 ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഹാലണ്ട് സ്വന്തമാക്കിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 35 ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് എംബപ്പേ സ്വന്തമാക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ ഇരുവരെയും ബന്ധപ്പെടുത്തി കൊണ്ടുള്ള താരതമ്യങ്ങൾ ഫുട്ബോൾ ലോകത്ത് തകൃതിയായി നടക്കുകയാണ്. ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറിയോടും ഇതേക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു.ഹാലണ്ടിനേക്കാൾ മികച്ച താരം എംബപ്പേയാണ് എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ഹെൻറിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 7, 2022
” എംബപ്പേക്ക് ഗോളവസരങ്ങൾ ഒരുക്കാനും ഗോളുകൾ നേടാനും കഴിയും.എന്നാൽ ഹാലണ്ടിന് ഗോളവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കില്ല.ഹാലണ്ടിന് ഫിനിഷ് ചെയ്യാൻ മാത്രമേ സാധിക്കൂ. എംബപ്പേക്ക് വലത് വിങ്ങിലോ ഇടതു വിങ്ങിലോ സെന്ററിലോ കളിക്കാൻ സാധിക്കും.എന്നാൽ ഹാലണ്ടിന് സെന്ററിൽ മാത്രമേ കളിക്കാൻ സാധിക്കുകയുള്ളൂ.ഹാലണ്ട് ഒരു മികച്ച താരമൊക്കെ തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഹാലന്റിനേക്കാൾ മികച്ച താരം എംബപ്പേ തന്നെയാണ് ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ സീസണിൽ എംബപ്പേയും ഹാലണ്ടും ഗോളടിച്ച് മത്സരിക്കുകയാണ്. ഇതുവരെ 12 ഗോളുകളാണ് ഈ സീസണിൽ ഹാലണ്ട് നേടിയതെങ്കിൽ എംബപ്പേ 9 ഗോളുകൾ നേടിക്കഴിഞ്ഞു.