ഈ സീസണിലെ ഏറ്റവും വലിയ മത്സരമെന്ന് ചാവി, നിർണായക പോരാട്ടത്തിന് ബാഴ്സലോണ ഇന്ന് ഇറങ്ങുന്നു!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇറ്റാലിയൻ കരുത്തരായ നാപോളിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ക്വാർട്ടറിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ടീമുകൾക്കും ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
ആദ്യ പാദ മത്സരം നാപോളിയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു നടന്നിരുന്നത്. എന്നാൽ ഇന്നത്തെ മത്സരം ബാഴ്സലോണയുടെ സ്റ്റേഡിയത്തിൽ വെച്ച് കൊണ്ടാണ് നടക്കുന്നത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഒരു ഇടവേളക്കുശേഷം ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കാൻ ബാഴ്സലോണക്ക് കഴിയും. അതുകൊണ്ടുതന്നെ ഈ സീസണിലെ ഏറ്റവും വലിയ മത്സരം എന്നാണ് ഇതിനെ ബാഴ്സലോണയുടെ പരിശീലകൻ ചാവി വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Barcelona's available midfielders vs. Napoli. Who should start? pic.twitter.com/DAhVTGfqYh
— Barça Universal (@BarcaUniversal) March 11, 2024
“ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട മത്സരം ഇതാണ്. ഞങ്ങൾ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ട് ഇപ്പോൾ കുറച്ചായി.ഇത് വലിയൊരു അവസരമാണ്. ഇവർ കരുത്തരായ എതിരാളികളാണ്, പക്ഷേ ഇവരോട് പോരാടാനുള്ള ഒരു ധൈര്യം ഞങ്ങൾക്ക് ഇപ്പോൾ ഉണ്ട്.നാപോളി ഇപ്പോൾ അത്ര മികച്ച നിലയിൽ ഒന്നുമല്ല. പക്ഷേ കഴിഞ്ഞ വർഷത്തെ ഇറ്റാലിയൻ ചാമ്പ്യന്മാരാണ് അവർ എന്ന കാര്യം മറക്കാൻ പാടില്ല. ഏതായാലും ഒരു മാന്ത്രിക രാത്രി തന്നെ പിറക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നാല് വർഷങ്ങൾക്ക് മുന്നേയാണ് ബാഴ്സലോണ അവസാനമായി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്. അന്ന് രണ്ടിനെതിരെ 8 ഗോളുകൾക്ക് ബയേൺ അവരെ പരാജയപ്പെടുത്തുകയായിരുന്നു.ഇത്തവണ ബാഴ്സലോണ അത്ര മികച്ച നിലയിൽ ഒന്നുമില്ല. പക്ഷേ ക്വാർട്ടറിൽ പ്രവേശിക്കാൻ കഴിഞ്ഞാൽ തീർച്ചയായും അതൊരു നേട്ടം തന്നെയായിരിക്കും.