ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ് : ബയേൺ പരിശീലകൻ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ബയേണിന് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് ക്ലബായ വിയ്യാറയലാണ് ബയേണിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 8-ആം മിനുട്ടിൽ ഡഞ്ചുമ നേടിയ ഗോളാണ് വിയ്യാറയലിന് ജയം സമ്മാനിച്ചത്.

ഏതായാലും ഈ തോൽവി തങ്ങൾ അർഹിച്ചതാണ് എന്നുള്ള കാര്യം ബയേണിന്റെ പരിശീലകനായ ജൂലിയൻ നഗൽസ്മെൻ തുറന്നു പറഞ്ഞിട്ടുണ്ട്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ്. ഇന്ന് ഞങ്ങൾ നല്ല രൂപത്തിലായിരുന്നില്ല. ആദ്യപകുതിയിൽ പ്രതിരോധത്തിന് കരുത്ത് കുറവായിരുന്നു, കുറച്ച് അവസരങ്ങൾ മാത്രമേ ലഭിച്ചുള്ളൂ. രണ്ടാംപകുതി പൂർണ്ണമായും വൈൽഡ് ആയിരുന്നു. ഗോൾ നേടാനുള്ള ശ്രമത്തിനിടെ ഞങ്ങൾക്ക് നിയന്ത്രണം പലപ്പോഴും നഷ്ടമായി. ഒരു പക്ഷേ ഞങ്ങൾ രണ്ടു ഗോളുകൾ കൂടി വഴങ്ങേണ്ടി വന്നേനെ ” ഇതാണ് നഗെൽസ്മാൻ പറഞ്ഞത്.

അതേസമയം സൂപ്പർതാരമായ തോമസ് മുള്ളറും തോൽവിയെ കുറിച്ച് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ഗോളിനാണ് ഞങ്ങൾ പരാജയപ്പെട്ടത്. കാര്യങ്ങൾ മോശമാകുമായിരുന്നു എന്നുള്ളത് ഞങ്ങൾക്കറിയാമായിരുന്നു. എതിരാളികൾക്ക് ഞങ്ങൾ കൂടുതൽ ബഹുമാനം നൽകി.ഇനി രണ്ടാം പാദത്തിൽ ഞങ്ങൾ തിരിച്ചടിക്കാൻ ഒരുങ്ങേണ്ടതുണ്ട് ” ഇതാണ് മുള്ളർ പറഞ്ഞത്.

ഏപ്രിൽ 12-ആം തിയ്യതിയാണ് രണ്ടാംപാദ പോരാട്ടം അരങ്ങേറുക.ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *