ഇസ്താംബൂളിൽ ഹോട്ടൽ ബുക്ക് ചെയ്തോളൂ: ലിവർപൂൾ ആരാധകർക്ക് ഉറപ്പുമായി ക്ലോപ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂൾ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടത്. സൂപ്പർതാരം വിനീഷ്യസ് ജൂനിയറുടെ ഗോളാണ് ലിവർപൂളിന് പരാജയം സമ്മാനിച്ചത്. മത്സരത്തിൽ മികച്ച പ്രകടനമാണ് ലിവർപൂൾ നടത്തിയതെങ്കിലും റയൽ ഗോൾകീപ്പർ തിബൌട്ട് കോർട്ടുവ അവർക്ക് വിലങ്ങു തടിയാവുകയായിരുന്നു.
ഏതായാലും കിരീടം നഷ്ടമായെങ്കിലും ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ആത്മവിശ്വാസത്തിൽ തന്നെയാണ്. അടുത്ത ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ ഉണ്ടാകുമെന്നുള്ള ഉറപ്പാണ് ഇപ്പോൾ ക്ലോപ് ആരാധകർക്ക് നൽകിയിട്ടുള്ളത്.ഫൈനൽ നടക്കുന്ന ഇസ്താംബൂളിൽ ഒരു ഹോട്ടൽ ബുക്ക് ചെയ്തോളൂ എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ലോപിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 29, 2022
” ഒരു മികച്ച സീസണാണ് കഴിഞ്ഞ് പോയത് എന്നുള്ള ഒരു ഫീൽ ഡ്രസ്സിങ് റൂമിൽ നിലവിൽ ആർക്കുമില്ല. ഒരു പക്ഷേ അതിന് സമയമെടുക്കുമായിരിക്കും. ഞങ്ങൾ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. എന്നാൽ പെർഫെക്റ്റ് ഗെയിം ആയിരുന്നില്ല. ഒരുപാട് ഷോട്ടുകൾ ഞങ്ങൾ ഉതിർത്തു. പക്ഷേ കോർട്ടുവ തടയുകയായിരുന്നു.ഒരു ത്രോ ഇനിൽ നിന്നായിരുന്നു ഞങ്ങൾക്ക് ഗോൾ വഴങ്ങേണ്ടി വന്നത്. ഫൈനലിൽ എത്തുക എന്നുള്ളത് മോശമായ ഒരു കാര്യമൊന്നുമല്ല. ഒരർത്ഥത്തിൽ അതൊരു നേട്ടം കൂടിയാണ്. പക്ഷേ ഞങ്ങൾ ആഗ്രഹിച്ചിരുന്ന നേട്ടം അതായിരുന്നില്ല. ഞങ്ങൾ വീണ്ടും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങൾ വളരെയധികം പോരാട്ടവീര്യമുള്ളവരാണ്. അടുത്ത സീസണിലും ഞങ്ങൾ മികച്ച ഒരു ഗ്രൂപ്പ് തന്നെയായിരിക്കും. അടുത്ത സീസണിൽ ഞങ്ങൾ ഇസ്താംബൂളിൽ ഉണ്ടായിരിക്കും. നിങ്ങൾ ഹോട്ടൽ ബുക്ക് ചെയ്തോളൂ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
തുടർച്ചയായി രണ്ടാംതവണയാണ് ലിവർപൂൾ റയൽ മാഡ്രിഡിനോട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെടുന്നത്. 2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ ലിവർപൂളിനെ പരാജയപ്പെടുത്തിയിരുന്നു.