ഇന്ന് മിന്നും ഫോമിൽ,പിഎസ്ജിയോട് പ്രതികാരം തീർക്കാൻ ചോപോ മോട്ടിങ്ങിന് സാധിക്കുമോ?
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസാണ് ഈ ആദ്യപാദ മത്സരത്തിന് വേദിയാവുക.
ഈ മത്സരത്തിൽ ഏവരും ഉറ്റുനോക്കുന്ന ഒരു എറിക്ക് മാക്സിം ചോപോ മോട്ടിങ്ങാണ്.2018-ലായിരുന്നു ഇദ്ദേഹം പിഎസ്ജിയിലേക്ക് എത്തിയിരുന്നത്.എന്നാൽ ക്ലബ്ബിൽ അവസരങ്ങൾ കുറവായിരുന്നു. മാത്രമല്ല സ്വന്തം ആരാധകരിൽ നിന്നുപോലും പരിഹാസങ്ങൾ ഈ കാമറൂൺ താരത്തിന് ഏൽക്കേണ്ടി വന്നിരുന്നു.യുവേഫ ചാമ്പ്യൻസ് ലീഗിനുള്ള സ്‌ക്വാഡിൽ അദ്ദേഹത്തെ രജിസ്റ്റർ ചെയ്യാതെ പിഎസ്ജി മാറ്റിനിർത്തിയ ഒരു കാലമുണ്ടായിരുന്നു. ഈ ബുദ്ധിമുട്ടുകൾ എല്ലാം അനുഭവിച്ചതിനു ശേഷമാണ് അദ്ദേഹം ബയേണിൽ എത്തിയത്.
2020 ലായിരുന്നു ചോപോ മോട്ടിങ് ബയേണിന്റെ താരമായത്. ആ സീസണിൽ അദ്ദേഹത്തിന് അവസരങ്ങൾ കുറവായിരുന്നു. തന്റെ പൊസിഷനിലെ തേർഡ് ചോയ്സ് മാത്രമായിരുന്നു ചോപോ മോട്ടിങ്.എന്നിട്ട് പോലും ആ സീസണിൽ അദ്ദേഹം 9 ഗോളുകൾ നേടി.മനോഹരമായ മറ്റൊരു ഓർമ്മ അവിടെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം 2021-ൽ തന്റെ മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരെ രണ്ട് പാദങ്ങളിലുമായി രണ്ട് ഗോളുകൾ അദ്ദേഹം നേടിയിരുന്നു. എന്നിരുന്നാലും മുന്നോട്ടു പോവാൻ ബയേണിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ ബയേൺ തയ്യാറാവുകയായിരുന്നു.
📈 De paria méprisé à héros adulé au PSG, de troisième couteau à titulaire indiscutable avec le Bayern, la carrière de Choupo-Moting a pris un tournant pour le moins inattendu ces deux dernières années.https://t.co/wC92E4axc2
— RMC Sport (@RMCsport) February 13, 2023
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് റോബർട്ട് ലെവന്റോസ്ക്കി ബയേൺ വിട്ടത്.ഇതോടുകൂടി കൂടുതൽ അവസരങ്ങൾ ഈ കാമറൂൺ താരത്തിന് ലഭിക്കുകയായിരുന്നു. അത് മുതലെടുക്കാനും മോട്ടിങ്ങിന് സാധിച്ചു.ഈ സീസണിൽ ആകെ കളിച്ച 21 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും നാല് അസിസ്റ്റുകളും ഈ താരം നേടിയിട്ടുണ്ട്.താരത്തിന്റെ ഈ മിന്നും പ്രകടനം ഇന്ന് പിഎസ്ജിക്ക് വെല്ലുവിളിയാവാൻ സാധ്യതയുണ്ട്. തനിക്ക് അർഹിച്ച പരിഗണന നൽകാൻ തയ്യാറാവാത്ത ക്ലബ്ബിനോട് പ്രതികാരം ചെയ്യാൻ മോട്ടിങ്ങിന് സാധിക്കുമോ എന്നുള്ളത് ആരാധകർ നോക്കുന്ന കാര്യമാണ്.