ഇന്നൊരു അത്ഭുതം വേണം : തോമസ് ടുഷൽ.

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഒരു വമ്പൻ വിജയം ബയേണിന് ഇന്ന് ആവശ്യമാണ്.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ആദ്യപാദത്തിൽ സിറ്റി വിജയിച്ചത്. അതുകൊണ്ടുതന്നെ ബയേണിന് മുന്നോട്ടുപോകണമെങ്കിൽ അത്ഭുതകരമായ ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്. ഇത് തന്നെയാണ് അവരുടെ പരിശീലകനായ തോമസ് ടുഷേൽ പറഞ്ഞിട്ടുള്ളത്. ഇന്ന് ടീമിന് ഒരു അത്ഭുതം വേണമെന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.ടുഷേലിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾക്ക് ഒരു അത്ഭുതം ആവശ്യമാണ്.ഒരു വലിയ പർവ്വതത്തെയാണ് ഞങ്ങൾക്ക് കീഴടക്കാൻ ഉള്ളത്.കഠിനമായ ഒന്നുതന്നെയാണ്.പക്ഷേ ഞങ്ങൾ ഞങ്ങളെ തന്നെ വിശ്വസിക്കേണ്ടതുണ്ട്.കേവലം സ്വപ്നം മാത്രം കാണുന്നവർ ആയി തുടരാൻ പാടില്ല.പ്രവർത്തിച്ചു കാണിക്കേണ്ടതുണ്ട്. ഞങ്ങൾ സ്വയം വിശ്വാസം അർപ്പിക്കുകയും പ്രകടനം കൊണ്ട് ഈ അത്ഭുതം സാധ്യമാക്കുകയും വേണം.അതിനുവേണ്ടി പോരാടാൻ തയ്യാറായ താരങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. ഒരു വലിയ പർവ്വതത്തെ കീഴടക്കണമെങ്കിൽ സ്റ്റെപ് ബൈ സ്റ്റേപ്പായി കൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്.പരമാവധി മികച്ച രൂപത്തിൽ കളിക്കാൻ ഞങ്ങൾ ശ്രമിക്കും ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ആദ്യ പാദ മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റി പുറത്തെടുത്തത്.റോഡ്രി,സിൽവ,ഹാലന്റ് എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്. അതിനുശേഷം പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിലും വിജയിക്കാൻ സിറ്റിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ ഹോഫൻഹെയ്‌മിനെതിരെ സമനില വഴങ്ങി കൊണ്ടാണ് ബയേൺ ഈ മത്സരത്തിന് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *