ഇത് PSGയോടുള്ള പ്രതികാരമോ? : കാര്യം വ്യക്തമാക്കി തിയാഗോ സിൽവ

ഒമ്പത് മാസം മുമ്പ് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് തിയാഗോ സിൽവ PSG വിട്ടത്. തങ്ങളുടെ നായകനായിരുന്ന താരത്തിന് പ്രായം വർധിച്ചു എന്നതിനാൽ ഫ്രഞ്ച് ക്ലബ്ബ് കരാർ പുതുക്കാൻ മടിച്ചപ്പോൾ താരത്തിൻ്റെ പരിചയ സമ്പത്തും മികവും തൻ്റെ ടീമിന് ഗുണമാവും എന്ന പ്രതീക്ഷയിൽ ഫ്രാങ്ക് ലാംപാർഡ് അദ്ദേഹത്തെ ചെൽസിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ PSGയെ ചാമ്പ്യൻസ് ലീഗിൻ്റെ ഫൈനലിൽ കളിക്കാൻ പ്രാപ്തരാക്കിയ പരിശീലകൻ തോമസ് ടുഷലിനെ 2020ലെ ക്രിസ്മസ് രാവിൽ അവർ പുറത്താക്കി. അധികം വൈകാതെ ലംപാർഡിന് ചെൽസിയുടെ പരിശീലക സ്ഥാനം നഷ്ടമായപ്പോൾ പകരമെത്തിയത് ടുഷൽ! അതായത് കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബിനെ UCL ഫൈനലിൽ എത്തിച്ച നായകനും കോച്ചും ചെൽസിയിൽ ഒരുമിച്ചു.

ടുഷലിൻ്റെ കീഴിൽ ചെൽസി മികച്ച പ്രകടനം നടത്തുകയും UCL ഫൈനലിൽ ഇടം പിടിക്കുകയും ചെയ്തപ്പോൾ PSGക്ക് ഇത്തവണ സെമിയിൽ കാലിടറി. ഇത്തരം ഒരു സാഹചര്യത്തിലാണ് തിയാഗോ സിൽവയോട് ഇതൊരു പ്രതികാരമാണോ എന്ന ചോദ്യം ഉയർന്നത്. അതിന് ബ്രസീലിയൻ താരം പറഞ്ഞ മറുപടി ഇങ്ങനെ: “തുഷലും ഞാനും ചെയ്തത് പ്രതികാരമാണെന്നോ? അല്ല, ഇത് ഒരു പ്രതികാരമല്ല. PSG ആദ്യം എന്നെ ഒഴിവാക്കി, പിന്നാലെ തുഷലിനേയും. പക്ഷെ ഞാൻ കരുതുന്നു … ഇത് വിശദീകരിക്കാൻ പ്രയാസമാണ്. അവർ അവരുടെ തീരുമാനം നടപ്പാക്കി, എന്നെ സംബന്ധിച്ചിടത്തോളം അത് സങ്കടകരമാണ്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങൾ ഇപ്പോൾ ഇവിടെ ചെൽസിയിൽ സന്തുഷ്ടരാണ് എന്നതാണ്. ഈ വർഷം ചാമ്പ്യൻസ് ലീഗ് നേടാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇത് ഞങ്ങളുടെ സ്വപ്നമാണ്”. തിയാഗോ സിൽവ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *