ഇത് ചെറിയ കളിയല്ല, സുരക്ഷ വർദ്ധിപ്പിച്ച് ബാഴ്സ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു കിടിലൻ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ ബാഴ്സയും ബയേണും ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. സമീപകാലത്ത് ഒരുപാട് തവണ ബാഴ്സയും ബയേണും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് ബാഴ്സക്ക് തന്നെയാണ്.അതിന് പ്രതികാരം തീർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാകും ബാഴ്സ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.
ഒരു വലിയ മത്സരം തന്നെയാണ് കാത്തിരിക്കുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ ബാഴ്സ എല്ലാ മേഖലയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ക്യാമ്പ് നൗവിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടുതന്നെ ബാഴ്സയുടെ മത്സരങ്ങൾ ഇപ്പോൾ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് നടക്കാറുള്ളത്.ക്യാമ്പ് നൗവിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി വളരെ കുറവാണ്. അതുകൊണ്ടുതന്നെ ടിക്കറ്റുകൾ ലഭിക്കാത്ത ആരാധകർ ഒരു കാരണവശാലും സ്റ്റേഡിയത്തിലേക്കോ പരിസരത്തേക്കോ വരരുത് എന്ന് കർശനമായ നിർദ്ദേശം ബാഴ്സ നൽകിയിട്ടുണ്ട്.
വളരെയധികം ഹൈ റിസ്ക് ആയിട്ടുള്ള മത്സരമായി കൊണ്ടാണ് ഈ മത്സരത്തെ ബാഴ്സ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകരുടെ സുരക്ഷയ്ക്ക് ഇവർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പന ഇല്ലെന്നും ടിക്കറ്റ് ഇല്ലാത്തവർ സ്റ്റേഡിയത്തിലേക്ക് വരേണ്ടതില്ല എന്ന് ബയേണിന്റെ ആരാധകരെയും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. കൂടാതെ പബ്ലിക് ട്രാൻസ്പോർട്ടിന്റെ കാര്യത്തിലും എൻട്രിയുടെയും എക്സിറ്റിന്റെയും കാര്യത്തിലുമൊക്കെ കടുത്ത നിയന്ത്രണങ്ങളാണ് ബാഴ്സ വരുത്തിയിട്ടുള്ളത്. കൂടാതെ സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതു വാഹനങ്ങൾ ഉപയോഗപ്പെടുത്താനും ആരാധകരോട് ക്ലബ്ബ് നിർദ്ദേശിച്ചിട്ടുണ്ട്.
ഏതായാലും മികച്ച ഒരു മത്സരം കാണാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.സമീപകാലത്ത് തകർപ്പൻ പ്രകടനം ബാഴ്സലോണ പുറത്തെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ബാഴ്സ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്.ഫ്ലിക്കിന്റെ കീഴിൽ ആ പഴയ തോൽവിക്ക് പ്രതികാരം തീർക്കാൻ കഴിയും എന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.