ഇതുകൊണ്ടാണ് ഞാൻ ഇവിടെ തന്നെ തുടരാൻ തീരുമാനിച്ചത്:എമി വ്യക്തമാക്കുന്നു!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയാണ് ബയേണിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 79 ആം മിനിറ്റിൽ ജോൺ ഡുറാൻ നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിൽ ഗംഭീര പ്രകടനമാണ് അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് നടത്തിയിട്ടുള്ളത്. നിർണായകമായ പല സേവുകളും അദ്ദേഹം മത്സരത്തിൽ നടത്തിയിട്ടുണ്ട്.
വില്ല പാർക്കിൽ നടന്ന മത്സരത്തിൽ നിരവധി ആരാധകരായിരുന്നു ഈ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നത്. മത്സരശേഷം ഈ ആരാധകരെ പ്രശംസിക്കാൻ ഗോൾകീപ്പറെ മറന്നില്ല.ഈ ആരാധകർ കാരണവും വില്ല പാർക്കിലെ ഈ മനോഹരമായ അന്തരീക്ഷം കാരണവുമാണ് താൻ ക്ലബ്ബിനകത്ത് തന്നെ തുടരാൻ തീരുമാനിച്ചത് എന്നാണ് എമി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TNT സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഇത് അവിശ്വസനീയമായി തോന്നുന്നു. ഞാൻ ഈ ക്ലബ്ബിൽ ചേർന്നതിനു ശേഷം ആദ്യമായാണ് ഇത്രയധികം ഉച്ചത്തിലുള്ള വില്ല പാർക്കിനെ കാണുന്നത്. മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് ഇത്.ഇവിടെ കളിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.ഈ ആരാധകരെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.അതുകൊണ്ടാണ് ഞാൻ ഇവിടെ തുടരാൻ തീരുമാനിച്ചത്. ഈ വിജയം ഒരു സ്റ്റേറ്റ്മെന്റ് ആണ്. ഞങ്ങൾക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.ആദ്യത്തെ എട്ടിൽ ഇടം നേടേണ്ടതുണ്ട്.എല്ലാ മത്സരങ്ങളും വിജയിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം ” ഇതാണ് എമി പറഞ്ഞിട്ടുള്ളത്.
എമി വന്നതിനുശേഷം ക്ലബ്ബിന് വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പരിശീലകനായ ഉനൈ എംരിയെ കൂടി എടുത്ത് പ്രശംസിക്കേണ്ടതുണ്ട്. ടീമിനെ മികച്ച രൂപത്തിലേക്ക് മാറ്റിയെടുക്കാൻ സഹായിച്ചത് അദ്ദേഹത്തിന്റെ വരവ് തന്നെയാണ്.