ഇതാണ് അവസരം:റയലിനെ തറപറ്റിക്കാൻ ബൊറൂസിയക്ക് ഉപദേശങ്ങൾ നൽകി ഇതിഹാസം!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന കലാശ പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ബൊറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ ഫൈനൽ മത്സരം നടക്കുക. ലണ്ടനിലെ വെമ്പ്ലി സ്റ്റേഡിയമാണ് ഈ കലാശ പോരാട്ടത്തിന് വേദിയാകുന്നത്.പതിനഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് റയൽ മാഡ്രിഡ് ഇപ്പോൾ വരുന്നത്.
നിലവിൽ റയൽ മാഡ്രിഡിന് തന്നെയാണ് കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. പക്ഷേ ഒരു കാരണവശാലും ബൊറൂസിയയെ എഴുതിത്തള്ളാൻ കഴിയില്ല. ബൊറൂസിയൻ ഇതിഹാസമായ റോമൻ വെയ്ഡൻ ഫെല്ലാർ ക്ലബ്ബിന് ചില ഉപദേശങ്ങളൊക്കെ നൽകിയിട്ടുണ്ട്.ഇതാണ് റയലിനെ തോൽപ്പിക്കാൻ പറ്റിയ സമയം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഇതാണ് ബൊറൂസിയയുടെ മുന്നിലുള്ള അവസരം.വളരെ സ്വതന്ത്രമായി കൊണ്ട് അവർക്ക് കളിക്കാൻ കഴിയും. റയൽ മാഡ്രിഡ് കിരീടങ്ങൾ സ്വന്തമാക്കുന്ന ഒരു യന്ത്രമാണ്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിൽ.ഡോർട്മുണ്ടിനെ ആരുംതന്നെ ഫേവറൈറ്റുകളായി പരിഗണിക്കുന്നില്ല. പക്ഷേ ഇതാണ് അവരുടെ മുന്നിലുള്ള ഏറ്റവും വലിയ അവസരം. കൂടാതെ ഭാഗ്യവും ഇവിടെ നിർണായക ഘടകമാണ്. ടീമിന്റെ സോളിഡായിട്ടുള്ള ഒരു എഫേർട്ട് ഇവിടെ ആവശ്യമുണ്ട്.പിഎസ്ജിയെ പൂട്ടിയ പോലെ റയൽ മാഡ്രിഡിനെയും പൂട്ടേണ്ടതുണ്ട്. അവരുടെ വ്യക്തിഗത മികവുകൾ പുറത്തെടുക്കാൻ അനുവദിക്കരുത്. പ്രത്യേകിച്ച് വിനീഷ്യസ് ജൂനിയറെ പോലെയുള്ള താരങ്ങളെ. എന്നാൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയും ” ഇതാണ് ഈ ജർമൻ ക്ലബ്ബിന് അവരുടെ ഇതിഹാസം നൽകുന്ന ഉപദേശം.
സെമി ഫൈനലിൽ കരുത്തരായ ബയേണിനെ പരാജയപ്പെടുത്തി കൊണ്ടാണ് റയൽ മാഡ്രിഡ് വരുന്നത്. അതേസമയം രണ്ട് പാദങ്ങളിലും പിഎസ്ജിയെ തോൽപ്പിച്ചു കൊണ്ടാണ് ബൊറൂസിയ ഡോർട്മുണ്ട് വരുന്നത്.ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിനെ മറികടക്കുക എന്നത് ഈ ജർമൻ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.