ആ പരാജയത്തിന് ശേഷം കരയാനാഗ്രഹിച്ചു : എംബപ്പെ പറയുന്നു!

സമകാലിക ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളിൽ ഒരാളായ കിലിയൻ എംബപ്പെ ഈ സീസണിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിനുള്ളിൽ തന്നെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ ഫ്രഞ്ച് സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്. വേൾഡ് കപ്പ് കിരീടം നേടിയതാണ് എംബപ്പെയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഇപ്പോഴും താരത്തിന് ഒരു സ്വപ്നം മാത്രമാണ്.

2020ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കാൻ എംബപ്പെയുടെ പിഎസ്ജിക്ക് സാധിച്ചിരുന്നു. എന്നാൽ അന്ന് ജർമ്മൻ വമ്പൻമാരായ ബയേണിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടുകൊണ്ട് കിരീടം അടിയറവ് വെക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു തോൽവിയായിരുന്നു അതെന്നാണ് ഇപ്പോൾ എംബപ്പെ പറഞ്ഞിട്ടുള്ളത്. ആ തോൽവിക്ക് ശേഷം താൻ കരയാൻ ആഗ്രഹിച്ചിരുന്നുവെന്നും എംബപ്പെ കൂട്ടിച്ചേർത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വാൾ സ്ട്രീറ്റ് ജേണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പരാജയപ്പെട്ടു കൊണ്ട് കിരീടം നഷ്ടമായ ആ തോൽവിയായിരുന്നു എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത്.മത്സരം അവസാനിച്ചതിനുശേഷം മെഡൽ സ്വീകരിക്കുന്ന സമയത്ത് നിങ്ങളുടെ തൊട്ടടുത്ത് ആ കിരീടത്തെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നു,പക്ഷേ അത് നിങ്ങൾക്കുള്ളതല്ല എന്നറിയുന്നത് വേദനാജനകമായ അനുഭവമാണ്.പക്ഷേ ജീവിതം അങ്ങനെയൊക്കെയാണ്. സത്യം പറഞ്ഞാൽ ആ മത്സരത്തിനുശേഷം ഞാൻ കരയാൻ ആഗ്രഹിച്ചിരുന്നു. തനിച്ചിരുന്നു കരയാനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്.പക്ഷേ ഇതൊക്കെ നിങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്. നിങ്ങൾ ഇംപ്രൂവ് ആയിക്കൊണ്ട് തിരികെ വന്ന് ആ കിരീടം നേടേണ്ടതുണ്ട് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ഫേവറേറ്റുകളിൽ പിഎസ്ജിക്കും ഇടമുണ്ട്. ആദ്യ മത്സരത്തിൽ യുവന്റസിനെ പിഎസ്ജി പരാജയപ്പെടുത്തിയപ്പോൾ രണ്ട് ഗോളുകളും നേടിയത് കിലിയൻ എംബപ്പേയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *