ആർതറിനും ദിബാലക്കും പിർലോയുടെ പരസ്യവിമർശനം !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസ് ഫെറെൻക്വെറോസിനെ തോല്പിച്ചത്. മത്സരത്തിൽ റൊണാൾഡോ, മൊറാറ്റ എന്നിവർ നേടിയ ഗോളുകളാണ് യുവന്റസിന് വിജയം നേടികൊടുത്തത്. എന്നാൽ മത്സരത്തിന്റെ ഫലത്തിൽ താൻ സന്തോഷവാനല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ പിർലോ. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവന്റസ് ഒന്നു കൂടെ വേഗതയോടെ കളിയെ മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ടെന്നും ഓരോ താരങ്ങളിൽ നിന്നും ഇതിൽ കൂടുതലായി ഞാൻ പ്രതീക്ഷിക്കുന്നുണ്ട് എന്നുമാണ് ഇദ്ദേഹം പറഞ്ഞത്. ആർതറിന്റെ മെല്ലപ്പോക്കിനെയും ദിബാലയുടെ ഫോമില്ലായ്മയെയും ചൂണ്ടികാണിക്കാൻ പിർലോ മറന്നില്ല.

” ഞാൻ എന്റെ താരങ്ങളിൽ നിന്ന് ഇതിൽ കൂടുതലും പ്രതീക്ഷിക്കുന്നുണ്ട്. പലപ്പോഴും പതിയെയാണ് യുവന്റസ് കളി മെനയുന്നത്. വളരെ വേഗത്തിലുള്ള നീക്കങ്ങൾ ഒന്നും തന്നെ ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അതിനാൽ തന്നെ അവർക്ക് പ്രതിരോധിക്കാൻ എളുപ്പമായിരുന്നു. ആർതർ ബോൾ കീപ് ചെയ്യുന്നതിൽ മികവ് പുലർത്തുന്നുണ്ട്. എന്നാൽ അദ്ദേഹം വൈഡ് ആയി പാസ് നൽകാനും അതുവഴി പ്രതിരോധത്തെ തകർക്കാനും ശ്രമിക്കേണ്ടതുണ്ട്. അത്‌ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. നമ്മൾ പതിയെയാണ് ബോളുമായി മുന്നേറുന്നതെങ്കിൽ അവർക്ക് പ്രതിരോധിക്കാൻ എളുപ്പമാണ്. നിലവിൽ വലിയ തോതിൽ ഉള്ള ഒരു വിഷൻ ആർതറിന് ഇല്ല. പക്ഷെ അദ്ദേഹം പഠിച്ചു വരുന്നുണ്ട്. ദിബാല തന്റെ ഫോം കണ്ടെത്തേണ്ടതുണ്ട്. നമുക്കറിയാം പരിക്ക് കഴിഞ്ഞു വരുന്ന ഒരാൾക്ക് അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടാവുമെന്ന്. അദ്ദേഹത്തിന് സമയം വേണം എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്. അദ്ദേഹം ഫോം കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു ” പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!