ആൻഫീൽഡ് കാണാനല്ല ഞങ്ങൾ പോവുന്നത്,ലിവർപൂളിന് മുന്നറിയിപ്പുമായി കോക്വലിൻ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ ലിവർപൂളിന്റെ എതിരാളികൾ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30-ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നേ വിയ്യാറയൽ താരമായ ഫ്രാൻസിസ് കോക്വലിൻ ലിവർപൂളിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതായത് യുവന്റസിനെയും ബയേണിനെയും പുറത്താക്കിയവരാണ് തങ്ങളെന്നും ആൻഫീൽഡ് കാണാനല്ല തങ്ങൾ വരുന്നത് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം പ്രമുഖ മാധ്യമമായ ദി ഗ്വാർഡിയനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോക്വലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 26, 2022
” നല്ല രൂപത്തിൽ പ്രെസ്സ് ചെയ്യുന്ന ഏറ്റവും മികച്ച ടീമാണ് ലിവർപൂൾ.നല്ല രൂപത്തിൽ ആക്രമണം അഴിച്ചുവിടുന്നവരാണ് ലിവർപൂൾ. അവരുടെ ഫുൾ ബാക്കുമാർ ഫലത്തിൽ സ്ട്രൈക്കർമാരാണ്. കൂടാതെ അവരുടെ മുന്നേറ്റനിര അതിശക്തമാണ്. അതുകൊണ്ടുതന്നെ യൂറോപ്പിലെ ഏറ്റവും മികച്ച ടീം ലിവർപൂളാണ്. പക്ഷേ ഞങ്ങളുടെ സ്വപ്നം എന്നുള്ളത് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിക്കുക എന്നുള്ളതാണ്. അത് ബുദ്ധിമുട്ടാണ് എന്നറിയാം. പക്ഷേ ടീമും നഗരവുമെല്ലാം ആവേശത്തിലാണ്. ഞങ്ങൾ ആത്മവിശ്വാസത്തിലാണ്.യുവന്റസിനെയും ബയേണിനെയും പുറത്താക്കിയവരാണ് ഞങ്ങൾ.ആൻഫീൽഡ് കാണാനല്ല ഞങ്ങൾ വരുന്നത്.മറിച്ച് ഞങ്ങൾ പോരാടുക തന്നെ ചെയ്യും” ഇതാണ് കോക്വലിൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും വിയ്യാറയൽ പരാജയമറിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ലിവർപൂളിന്റെ വരവ്.