ആരും കരുതുന്നില്ല എന്നറിയാം, പക്ഷേ ഞങ്ങൾക്ക് ഫൈനലിൽ എത്താൻ സാധിക്കും:AC മിലാൻ പരിശീലകൻ.
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിൽ നഗരവൈരികളായ ഇന്റർ മിലാനും എസി മിലാനും തമ്മിലാണ് ഏറ്റെടുക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ആദ്യപാദ മത്സരത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ AC മിലാന് ഇന്ന് ഒരു മാസ്മരിക തിരിച്ചുവരവ് അത്യാവശ്യമാണ്.
AC മിലാന്റെ പരിശീലകനായ സ്റ്റെഫാനോ പിയോലി പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. മറിച്ച് ഇപ്പോഴും അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്.AC മിലാന് ഫൈനലിൽ എത്താൻ കഴിയുമെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും എന്നാൽ തങ്ങൾക്ക് ഫൈനലിൽ എത്താൻ സാധിക്കുമെന്നാണ് പിയോലി പറഞ്ഞിട്ടുള്ളത്.ഇന്നലത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഈ പരിശീലകൻ. അദ്ദേഹത്തിന്റെ വാക്കുകളെ ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Determined to make it happen 👊#RednBlack #UCL #InterMilan #SempreMilan
— AC Milan (@acmilan) May 15, 2023
Brought to you by @play_eFootball pic.twitter.com/FDhe2PmrO6
” താരങ്ങൾ എല്ലാവരും ഏറ്റവും മികച്ച രീതിയിൽ ഈ മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്നുണ്ട്.ആദ്യപാദത്തേക്കാൾ മികച്ച രൂപത്തിൽ കളിക്കാനും വിജയം നേടാനുമാണ് അവർ ആഗ്രഹിക്കുന്നത്. ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമല്ല മുന്നിലുള്ളത്. ഞങ്ങൾ ഫൈനലിൽ എത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.പക്ഷേ അതിന് സാധിക്കുമെന്നാണ് ഞാൻ പറയുന്നത്. ഒരു മികച്ച മത്സരം തന്നെ ഞങ്ങൾ പുറത്തെടുക്കും.ഏറ്റവും നല്ല രീതിയിൽ തന്നെ തുടങ്ങാനും അവരുടെ പിഴവുകൾ മുതലെടുക്കാനും ഞങ്ങൾക്ക് സാധിക്കേണ്ടതുണ്ട് ” ഇതാണ് പിയോലി പറഞ്ഞിട്ടുള്ളത്.
തകർപ്പൻ ഫോമിലാണ് ഇപ്പോൾ ഇന്റർ മിലാൻ കളിച്ചു കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിലും മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ AC മിലാന്റെ പ്രകടനം ഇപ്പോൾ മോശമായി കൊണ്ടിരിക്കുകയാണ്.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.