ആരാധകരുടെ മോശം പെരുമാറ്റം,അത്ലറ്റിക്കോ മാഡ്രിഡിനോട് സ്റ്റേഡിയം അടച്ചിടാൻ യുവേഫ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ മാഞ്ചസ്റ്റർ സിറ്റിയാണ്.നാളെ രാത്രി ഇന്ത്യൻ സമയം 12:30-ന് അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക. ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയിരുന്നു.

എന്നാൽ സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരത്തിനു മുന്നേ അത്ലറ്റിക്കോ മാഡ്രിഡിന് ഒരു തിരിച്ചടിയേറ്റിട്ടുണ്ട്.അതായത് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിടാൻ യുവേഫ ഇപ്പോൾ നിർദേശം നൽകിയിട്ടുണ്ട്.ഇത്തിഹാദിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ അത്ലറ്റിക്കോ ആരാധകർ വംശീയമായ അധിക്ഷേപങ്ങൾ നടത്തുകയും സാധനസാമഗ്രികൾ വലിച്ചെറിയുകയും ചെയ്തിരുന്നു.ഇതിനുള്ള ശിക്ഷയെന്നോണമാണ് യുവേഫ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.യുവേഫയുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.

” ആരാധകരുടെ വിവേചനപരമായ പെരുമാറ്റം കാരണം യുവേഫയുടെ കോമ്പിറ്റീഷനിൽ അടുത്ത മത്സരത്തിൽ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം അടച്ചിടാൻ യുവേഫ അത്ലറ്റിക്കോ മാഡ്രിഡിനോട് ഉത്തരവിടുന്നു.ചുരുങ്ങിയത് 5000-ത്തോളം സീറ്റുകൾ ക്ലോസ് ചെയ്യേണ്ടി വരും. മാത്രമല്ല അടുത്ത മത്സരത്തിനിടയിൽ,#NoToRacism എന്നെഴുതിയ യുവേഫയുടെ ലോഗോയുള്ള ഒരു ബാനർ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കാനും ഞങ്ങൾ ഉത്തരവിടുന്നു ” ഇതാണ് യുവേഫ ഔദ്യോഗിക പ്രസ്താവനയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ അറിയിച്ചിരിക്കുന്നത്.

എന്നാൽ യുവേഫയുടെ ഈ നടപടിയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒട്ടും സംതൃപ്തരല്ല. അതുകൊണ്ടുതന്നെ ഇതിനെതിരെ അപ്പീൽ പോകാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഈ സ്പാനിഷ് ക്ലബ്ബുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *