അവിശ്വസനീയം: ആഴ്സണലിനെ പുറത്താക്കിയതിനെക്കുറിച്ച് കെയ്ൻ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ ബയേണിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേൺ ആഴ്സണലിനെ പരാജയപ്പെടുത്തിയത്.ബയേണിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ജോഷുവ കിമ്മിച്ചാണ് വിജയഗോൾ നേടിയത്. രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ വിജയിച്ചിട്ടുള്ളത്.

ബയേണിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം സമയമാണെങ്കിലും അവർ ആഴ്സണലിനെ മറികടന്നുകൊണ്ട് തങ്ങളുടെ കരുത്ത് കാണിച്ചിട്ടുണ്ട്. ഈ വിജയത്തെക്കുറിച്ച് ചില കാര്യങ്ങൾ ബയേൺ സൂപ്പർതാരമായ ഹാരി കെയ്ൻ പറഞ്ഞിട്ടുണ്ട്. അവിശ്വസനീയമായ വിജയം എന്നാണ് ഹാരി കെയ്ൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഇതൊരു അവിശ്വസനീയമായ വിജയമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടുള്ള സീസണാണ്. സ്വന്തം മൈതാനത്ത് ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് ഡിഫറെൻസ് സൃഷ്ടിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരമായിരുന്നു ഇത്.സെമി ഫൈനലിൽ എത്താൻ കഴിഞ്ഞു എന്നുള്ളത് തന്നെ വലിയൊരു നേട്ടമാണ്.ഞങ്ങൾ ഇത് ആസ്വദിക്കണം. ആദ്യ പകുതിക്ക് ശേഷം കൂടുതൽ അഗ്രസീവ് ആവേണ്ടതിന്റെ ആവശ്യകതയെ പറ്റി ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ തന്നെയാണ് ഞങ്ങളുടെ ശ്രമം.ഞങ്ങൾക്ക് ലീഗ് കിരീടം നഷ്ടമായി. പക്ഷേ ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിൽ ആ പിഴവ് സംഭവിക്കാൻ പാടില്ല ” ഇതാണ് ഹാരി കെയ്ൻ പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുക എന്നുള്ളത് ബയേണിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമാവില്ല. കാരണം സെമിഫൈനലിൽ നേരിടേണ്ടി വരുന്നത് റയൽ മാഡ്രിഡിനെയാണ്.നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി കൊണ്ടാണ് റയൽ മാഡ്രിഡ് സെമി ഫൈനലിന് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *