അവസാന മിനിട്ടുകളിൽ രക്ഷകനായി കൊറേയ, അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥാനമെന്ന് സിമയോണി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അത്ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്.ഡെമ്പലെയിലൂടെ പിഎസ്ജിയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ നഹുവെൽ മൊളീന അത്ലറ്റിക്കോക്ക് സമനില ഗോൾ നേടിക്കൊടുത്തു. പിന്നീട് മത്സരത്തിന്റെ 93ആം മിനുട്ടിൽ മറ്റൊരു അർജന്റൈൻ താരമായ എയ്ഞ്ചൽ കൊറേയ വിജയഗോൾ നേടുകയായിരുന്നു.
പകരക്കാരനായി ഇറങ്ങി മത്സരത്തിന്റെ അവസാനത്തിൽ ടീമിന്റെ ഹീറോയായി മാറുക എന്നത് കൊറേയ ഇപ്പോൾ സ്ഥിരമാക്കിയ ഒരു കാര്യമാണ്.ഈ സീസണിൽ മൂന്ന് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ആ 3 ഗോളുകളും അദ്ദേഹം 90 മിനിറ്റിനു ശേഷമാണ് നേടിയിട്ടുള്ളത്.അത്ലറ്റിക്ക് ക്ലബ്ബിനെതിരെ 92ആം മിനിറ്റിൽ വിജയഗോൾ നേടി. റയൽ മാഡ്രിഡിനെതിരെ 95ആം മിനുട്ടിൽ സമനില ഗോൾ നേടി.അതിനുശേഷമാണ് ഇപ്പോൾ ഈ വിജയഗോൾ സ്വന്തമാക്കിയിട്ടുള്ളത്.
മത്സരശേഷം അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണി താരത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.ടീമിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥാനമാണ് കൊറേയക്കുള്ളത് എന്ന് സിമയോണി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ടീമിനകത്ത് അദ്ദേഹത്തിനുള്ള സ്ഥാനം അംഗീകരിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള ഒന്നാണ്.അദ്ദേഹം കളിക്കളത്തിലേക്ക് വന്നാൽ എപ്പോഴും എന്തെങ്കിലുമൊക്കെ സംഭവിക്കും.ഞാൻ അത് അദ്ദേഹത്തോട് പറയാറുണ്ട്.കൊറേയ വരുന്ന സമയത്ത് ഞങ്ങൾ തന്നെ പരസ്പരം വഴക്കിടാറുണ്ട്. പക്ഷേ കളിക്കളത്തിലേക്ക് വന്നാൽ ഒരുപാട് കാര്യങ്ങൾ അദ്ദേഹം ടീമിന് നൽകും.ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട താരമാണ് കൊറേയ. ടീമിന്റെ പന്ത്രണ്ടാമൻ എന്ന് നമുക്ക് അദ്ദേഹത്തെ വിളിക്കാം ” ഇതാണ് അത്ലറ്റിക്കോ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ വിജയം നേടാൻ കഴിഞ്ഞത് അത്ലറ്റിക്കോ മാഡ്രിഡിന് സന്തോഷം നൽകുന്ന കാര്യമാണ്. ചാമ്പ്യൻസ് ലീഗിൽ കളിച്ച നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.