അവസാന നിമിഷം എംബപ്പേ അവതരിച്ചു,റയലിനെ കീഴടക്കി PSG!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന പ്രീ ക്വാർട്ടറിലെ ആദ്യപാദ പോരാട്ടത്തിൽ പിഎസ്ജിക്ക് വിജയം.ഏകപക്ഷീയമായ ഒരു ഗോളിന് റയൽ മാഡ്രിഡിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ അവസാന മിനുട്ടിൽ കിലിയൻ എംബപ്പേ നേടിയ ഗോളാണ് പിഎസ്ജിയുടെ രക്ഷക്കെത്തിയത്.മത്സരത്തിൽ മികച്ച പ്രകടനമാണ് പിഎസ്ജി കാഴ്ച്ചവെച്ചത്.എന്നാൽ സൂപ്പർ താരം ലയണൽ മെസ്സി ഒരു പെനാൽറ്റി പാഴാക്കിയത് പിഎസ്ജിക്ക് തിരിച്ചടിയാവുകയായിരുന്നു.

എംബപ്പേ,മെസ്സി,ഡി മരിയ എന്നിവരായിരുന്നു പിഎസ്ജിയുടെ മുന്നേറ്റനിരയെ നയിച്ചത്.വിനീഷ്യസ്,ബെൻസിമ,അസെൻസിയോ എന്നിവരായിരുന്നു റയലിന്റെ മുന്നേറ്റനിരയിൽ.ആദ്യപകുതിയിൽ പിഎസ്ജിക്ക് അവസരങ്ങൾ ലഭിച്ചുവെങ്കിലും മുതലെടുക്കാൻ പിഎസ്ജിക്ക് സാധിച്ചില്ല. മത്സരത്തിന്റെ 62-ആം മിനുട്ടിലാണ് പിഎസ്ജിക്ക് അനുകൂലമായ പെനാൽറ്റി ലഭിക്കുന്നത്.എന്നാൽ മെസ്സിയുടെ പെനാൽറ്റി കോർട്ടുവ തടഞ്ഞിട്ടു.പിന്നീട് സൂപ്പർ താരം നെയ്മർ വന്നതോട് കൂടി പിഎസ്ജിയുടെ മുന്നേറ്റനിരയിൽ ഊർജ്ജം ലഭിച്ചു.ഒടുവിൽ മത്സരത്തിന്റെ അവസാനത്തിൽ നെയ്മറുടെ ബാക്ക് ഹീൽ പാസ് സ്വീകരിച്ച എംബപ്പേ റയൽ താരങ്ങളെ മറികടന്ന് ഗോൾ സ്വന്തമാക്കുകയായിരുന്നു.ഇനി മാർച്ച് ഒമ്പതിനാണ് ഇതിന്റെ രണ്ടാം പാദം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *