അവസരങ്ങൾ ലഭിക്കുന്നില്ല, കൂമാനിലും ബാഴ്സയിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് പ്യാനിക്ക് !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബോസ്‌നിയൻ മധ്യനിര താരമായ മിറലം പ്യാനിക്ക് യുവന്റസ് വിട്ട് ബാഴ്സയിൽ എത്തിയത്. പകരം ആർതർ യുവന്റസിലേക്ക് ചേക്കേറുകയും ചെയ്തു. എന്നാൽ പ്യാനിക്കിന് പ്രതീക്ഷിച്ച പോലെ അവസരങ്ങൾ ബാഴ്‌സയിൽ ലഭിച്ചില്ല. പലപ്പോഴും ബുസ്ക്കെറ്റ്സ്, ഡിജോങ് സഖ്യമായിരുന്നു മധ്യനിരയിൽ കളിച്ചിരുന്നത്. ഇതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് പ്യാനിക്ക്. തന്റെ മുൻ ക്ലബായ യുവന്റസിനെ നേരിടുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് പ്യാനിക്ക് ബാഴ്സയിലും കൂമാനിലുമുള്ള അതൃപ്‌തി തുറന്നു പ്രകടിപ്പിച്ചത്.

” സത്യസന്ധമായി പറഞ്ഞാൽ, എങ്ങനെയൊക്കെയായാലും ഞാൻ പുറത്തിരിക്കുന്നത് എന്തുകൊണ്ടാണ് എന്നെനിക്ക് മനസ്സിലാവുന്നില്ല. എനിക്ക് കൂടുതൽ സമയം കളിക്കണം എന്നുള്ളത് ഞാൻ വ്യക്തമാക്കിയ കാര്യമാണ്. ഈ ടീമിന് വേണ്ടി ഒരുപാട് നൽകാൻ എനിക്ക് കഴിയുമെന്ന് എനിക്കറിയാം. പരിശീലകൻ എന്നെ കളിപ്പിച്ച സമയത്തെല്ലാം ഞാൻ നല്ല രീതിയിലാണ് കളിച്ചത്. ഇതിൽ കൂടുതൽ ഞാൻ എന്ത് ചെയ്യണം എന്നെനിക്കറിയില്ല. ഞാൻ നന്നായി പരിശീലനം ചെയ്യുന്നുണ്ട്. എല്ലാത്തിനും ഞാൻ തയ്യാറുമാണ് ” പ്യാനിക്ക് തുടർന്നു.

” ഞാൻ ഒരിക്കലും തൃപ്തനല്ല, ഞാൻ ഒരിക്കലും തൃപ്തനാവുകയുമില്ല. എന്റെ കരിയറിൽ കളിക്കാതെയിരിക്കുന്ന ഐഡിയയെ ഞാൻ ഒരിക്കലും സ്വീകരിച്ചിട്ടില്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്. എന്താണ് സംഭവിക്കുക എന്നുള്ളത് കാണേണ്ടിയിരിക്കുന്നു. ഞാൻ തയ്യാറാണ്. നല്ല രീതിയിൽ പരിശീലനം നടത്തിയിട്ടുണ്ട്. കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്റെ മുന്നിൽ നിലവിൽ ഒരു ചോയ്സുമില്ല. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. പക്ഷെ ഇതൊരിക്കലും എനിക്ക് അനുയോജ്യമായമായ സാഹചര്യമല്ല ” പ്യാനിക്ക് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *