അവസരങ്ങൾ പാഴാക്കി, ഞാൻ ദേഷ്യത്തിലും നിരാശയിലും: തുറന്നടിച്ച് പിഎസ്ജി സൂപ്പർ താരം.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിലും പിഎസ്ജിക്ക് തോൽവി രുചിക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ചോപോ മൊട്ടിങ്,സെർജി ഗ്നാബ്രി എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്.2 പാദങ്ങളിലുമായി മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

ഈ മത്സരത്തിൽ പിഎസ്ജിയുടെ ഗോൾവല കാത്തിരുന്നത് ജിയാൻ ലൂയിജി ഡോണ്ണാരുമയായിരുന്നു. മത്സരം പരാജയപ്പെട്ടതിൽ ഇദ്ദേഹം കടുത്ത നിരാശയും ദേഷ്യവും പ്രകടിപ്പിച്ചിട്ടുണ്ട്. അവസരങ്ങൾ പാഴാക്കിയതിനെതിരെ ഈ ഗോൾകീപ്പർ ഇപ്പോൾ വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. മത്സരശേഷം പിഎസ്ജി ഗോൾകീപ്പർ പറഞ്ഞത് ഇങ്ങനെയാണ്.

” ഞാൻ വളരെയധികം ദേഷ്യത്തിലും നിരാശയിലുമാണ്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഞങ്ങൾക്ക് ഒരു മികച്ച അവസരം ലഭിച്ചു.എന്നാൽ അത് മുതലെടുക്കാൻ കഴിഞ്ഞില്ല.പിന്നീട് ഞങ്ങൾ ഒരു ഗോൾ വഴങ്ങി.അത് ഞങ്ങളുടെ മിസ്റ്റേക്കിൽ നിന്ന് തന്നെയാണ് സംഭവിച്ചത്.നിർഭാഗ്യവശാൽ ചാമ്പ്യൻസ് ലീഗ് ഇങ്ങനെയൊക്കെയാണ്. ചെറിയ കാര്യങ്ങൾ പോലും ഇവിടെ നിർണായകമാവും.പിഎസ്ജിയിൽ എത്താൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇവിടേക്ക് വന്നതിൽ എനിക്ക് യാതൊരുവിധ ഖേദവും ഇല്ല “ഡോണ്ണാരുമ പറഞ്ഞു.

എസി മിലാൻ ക്ലബ്ബിൽ തുടരാൻ ആവശ്യപ്പെട്ടിട്ടും അത് നിരസിച്ചു കൊണ്ടായിരുന്നു ഡോണ്ണാരുമ പിഎസ്ജിയിൽ എത്തിയിരുന്നത്.അതുകൊണ്ടുതന്നെ മിലാൻ ആരാധകരിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഈ ഗോൾകീപ്പർ ഏൽക്കേണ്ടി വന്നിരുന്നു.ഇന്നലെ പിഎസ്ജി പുറത്താവുകയും എസി മിലാൻ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ മിലാൻ ആരാധകർ ഈ ഗോൾകീപ്പറെ പരിഹസിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *