അത്‌ പെനാൽറ്റിയാണോ എന്നറിയില്ല, മത്സരശേഷം ക്രിസ്റ്റ്യാനോ പറഞ്ഞത് ഇങ്ങനെ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ യുവന്റസ് ബാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ പരാജയപ്പെടുത്തിയപ്പോൾ അതിൽ ഇരട്ടഗോളുകൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. രണ്ട് ഗോളുകളും പിറന്നത് പെനാൽറ്റിയിലൂടെയായിരുന്നു. ആദ്യത്തെ പെനാൽറ്റി ക്രിസ്റ്റ്യാനോയെ ബാഴ്സ താരം അരൗഹോ വീഴ്ത്തിയതിനെ തുടർന്നാണ് ലഭിച്ചതെങ്കിൽ രണ്ടാം പെനാൽറ്റി ബോക്സിനകത്തെ ഹാൻഡ് ബോളിനെ തുടർന്നാണ് ലഭിച്ചത്. എന്നാൽ ആദ്യത്തെ പെനാൽറ്റിയെ കുറിച്ച് ചില സംശയങ്ങൾ ഉയർന്നിരുന്നു. അത്‌ പെനാൽറ്റിക്കുള്ള ഫൗൾ ഉണ്ടായിരുന്നുവോ എന്നുള്ളത് പലരും ചർച്ച ചെയ്ത വിഷയമായിരുന്നു. അരൗഹോയും അത്‌ പെനാൽറ്റിയല്ല എന്ന് വാദിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു.

ഏതായാലും ഈ വിഷയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണിപ്പോൾ. അത്‌ പെനാൽറ്റിയാണോ എന്ന കാര്യം തനിക്കറിയില്ല എന്നാണ് റൊണാൾഡോ പറഞ്ഞത്. ” അത്‌ പെനാൽറ്റിയാണോ എന്ന കാര്യം എനിക്കറിയില്ല. മാത്രമല്ല ഞാൻ അത്‌ ടെലിവിഷനിൽ കണ്ടിട്ടുമില്ല. ചില സമയങ്ങളിൽ നിസാരമായ ഫൗളിന് പെനാൽറ്റി അനുവദിക്കപ്പെട്ടേക്കാം. ചിലപ്പോൾ നേരെ തിരിച്ചും. പക്ഷെ ഞാൻ ഇതിലൊന്നും ഇടപെടാനില്ല. എന്തെന്നാൽ റഫറി എന്ന ജോലി എപ്പോഴും ബുദ്ധിമുട്ടേറിയ ഒന്നാണ് ” ക്രിസ്റ്റ്യാനോ മൂവിസ്റ്റാറിനോട് പറഞ്ഞു.

” അസാധ്യമായ ഒരു മിഷൻ ആയിരുന്നു ഇത്. പക്ഷെ തുടക്കം നന്നായത് ഞങ്ങൾക്ക്‌ അനുകൂലമായി. ഇരുപത് മിനുട്ടുകൾക്കുള്ളിൽ തന്നെ 2-0 ലീഡ് നേടാൻ ഞങ്ങൾക്ക്‌ സാധിച്ചു. ഇതോടെ ഞങ്ങൾക്ക്‌ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചു. ഈ വിജയം ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഞങ്ങൾ ഇത്തരത്തിൽ ഒരു വലിയ ടീമിനെതിരെയുള്ള വിജയം ആവിശ്യമായിരുന്നു. ക്യാമ്പ് നൗവിൽ മൂന്ന് ഗോൾ നേടിക്കൊണ്ട് വിജയം സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ, തീർച്ചയായും ഗ്രൂപ്പ്‌ ജേതാക്കളാവാൻ ഞങ്ങൾ അർഹർ തന്നെയാണ് ” ക്രിസ്റ്റ്യാനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *