അത്ഭുതമൊന്നും പിറക്കണമെന്നില്ല, ആരെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും : സാവി!
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ബാഴ്‌സയുടെ എതിരാളികൾ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക. ബാഴ്സയെ സംബന്ധിച്ചെടുത്തോളം ഈ മത്സരം ജീവന്മരണപ്പോരാട്ടമാണ്. ഇന്ന് ബയേണിനോട് പരാജയപ്പെടുകയും ബെൻഫിക്ക ഡൈനാമോ കീവിനെ പരാജയപ്പെടുത്തുകയും ചെയ്താൽ ബാഴ്‌സ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവേണ്ടിവരും. അതുകൊണ്ടുതന്നെ ബാഴ്സക്ക് ഇന്ന് ജയിച്ചേ മതിയാവൂ.
എന്നാൽ ബാഴ്‌സയുടെ പരിശീലകനായ സാവി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബയേണിനെ പരാജയപ്പെടുത്താൻ അത്ഭുതമൊന്നും പിറക്കേണ്ട കാര്യമില്ലെന്നും ഏത് ടീമിനെയും തോൽപ്പിക്കാൻ കെൽപ്പുള്ളവരാണ് ബാഴ്സയെന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാവിയുടെ വാക്കുകൾ ബാഴ്‌സയുടെ ഒഫീഷ്യൽ ട്വിറ്റെർ പുറത്തുവിട്ടിരിക്കുന്നത് ഇങ്ങനെയാണ്.
Xavi says:#BayernBarça pic.twitter.com/edQMOUl2wb
— FC Barcelona (@FCBarcelona) December 7, 2021
” ഇവിടെ അത്ഭുതം പിറക്കേണ്ട കാര്യമൊന്നുമില്ല.ബയേണിനെതിരെ വിജയിക്കുക എന്നുള്ളത് അത്ഭുതമാണെന്ന് ഞാൻ കരുതുന്നുമില്ല.ഞങ്ങൾക്ക് ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയും. മത്സരത്തിൽ വിജയിക്കാനും അതുവഴി പ്രീക്വാർട്ടറിലേക്ക് കയറാനുമാണ് ഞങ്ങൾ തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.മൂണിച്ചിൽ ആദ്യമായി വിജയിക്കാനും അതുവഴി ചരിത്രം കുറിക്കാനുമുള്ള അവസരമാണ് ഞങ്ങൾക്ക് വന്നുചേർന്നിരിക്കുന്നത്.ഞങ്ങൾ അതിന് ശ്രമിക്കും ” സാവി പറഞ്ഞു.
നിലവിൽ ഒന്നാമതുള്ള ബയേൺ പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ബാഴ്‌സ, ബെൻഫിക്ക എന്നിവരാണ് രണ്ടാം സ്ഥാനത്തിന് വേണ്ടി പോരടിക്കുന്നത്.