പപ്പു ഗോമസിനെയും അറ്റലാന്റയെയും പിടിച്ചുകെട്ടാൻ പാടുപെടും, മുന്നറിയിപ്പ് നൽകി പിഎസ്ജി പരിശീലകൻ !

അറ്റലാന്റയെയും പപ്പു ഗോമസിനെയും പിടിച്ചുകെട്ടാൻ പിഎസ്ജി ബുദ്ധിമുട്ടുമെന്ന് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി പരിശീലകൻ തോമസ് ടുഷേൽ. ഇന്നലെ ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പിഎസ്ജി ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയത്. അതുല്യമായ ശൈലിയാണ് അറ്റലാന്റയുടേത് എന്നും അവരുടെ പത്താം നമ്പർ ആയ പപ്പു ഗോമസ് മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നും അദ്ദേഹം പ്രശംസിച്ചു. അറ്റലാന്റക്കെതിരെ ഗോൾ വഴങ്ങാതിരിക്കൽ ബുദ്ധിമുട്ടാണെന്നും തങ്ങൾ ഡിഫൻസിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ബുധനാഴ്ച രാത്രിയാണ് പിഎസ്ജി vs അറ്റലാന്റ മത്സരം നടക്കുന്നത് ടുഷേൽ ഓർമ്മിപ്പിച്ചത് പോലെ മാരകപ്രഹരശേഷിയുള്ള മുന്നേറ്റനിരയാണ് അറ്റലാന്റയുടേത്. ഈ സിരി എയിൽ 98 ഗോളുകളാണ് അറ്റലാന്റ അടിച്ചു കൂട്ടിയത്. ഇതിനാൽ തന്നെ പിഎസ്ജി ഡിഫൻസ് അതീവജാഗ്രത പുലർത്തേണ്ടി വരുമെന്നാണ് അദ്ദേഹം അറിയിച്ചത്.

” അറ്റലാന്റക്കെതിരെ ഡിഫൻസ് നല്ല രീതിയിലായിരിക്കുക എന്നുള്ളത് വലിയ പ്രാധാന്യമുള്ള കാര്യമാണ്. അവർക്കൊരു ഏകീകൃതമായ, അതുല്യമായ ശൈലിയാണ്. എല്ലാ സമയത്തും പ്രെസ്സിങ് ഗെയിം ആണ് അവർ പുറത്തെടുക്കുന്നത്. അവരുടെ പത്താം നമ്പർ ഗോമസ് എപ്പോഴും നല്ല രീതിയിൽ കളിക്കുന്ന താരമാണ്. ചെറിയ ഇടങ്ങളിൽ കൂടിയും സഹതാരങ്ങളെ കണ്ടെത്താൻ അദ്ദേഹം മിടുക്കനാണ്. അവർ ഇരുവിങ്ങുകളിലൂടെയും ആക്രമിക്കും, ക്രോസുകൾ നൽകും, ദൂരെ നിന്നും പോസ്റ്റിലേക്ക് ലക്ഷ്യം വെക്കും. ഇതിനെല്ലാം അർത്ഥം ഞങ്ങൾ ഡിഫൻസിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഗോൾ വഴങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ്. അറ്റലാന്റക്കെതിരെ ക്ലീൻ ഷീറ്റ് നേടൽ ബുദ്ദിമുട്ട് ആണ് എന്നറിയാം. പക്ഷെ ഞങ്ങൾ അതിന് ശ്രമിക്കും. കെയ്‌ലർ നവാസ് വളരെ നിർണായകമായ ഘടകമാണ് ഇത്തരം മത്സരങ്ങൾ കളിച്ച് അദ്ദേഹത്തിന് പരിചയമുണ്ട്. വളരെയധികം ശാന്തമായി കളിക്കുന്ന താരം ഡിഫൻഡേഴ്‌സിനെയും സമ്മർദ്ദങ്ങൾക്ക് വിധേയരാക്കാതെ ശാന്തമായി നിലനിർത്തുന്നു ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *