പടിയിറങ്ങുന്നത് പിഎസ്ജിയിൽ നിന്ന് മാത്രം, വേൾഡ് കപ്പ് കളിക്കണം: വേദനയോടെ സിൽവ പറയുന്നു !

എട്ട് വർഷക്കാലം പിഎസ്ജിയുടെ പ്രതിരോധക്കോട്ടയിൽ അടിയുറച്ച സാന്നിധ്യമായി നിലകൊണ്ട തിയാഗോ സിൽവ ഒടുക്കം പിഎസ്ജിയുടെ പടികളിറങ്ങി. പക്ഷെ വേദനകളോടെയാണെന്ന് മാത്രം. കയ്യെത്തുംദൂരത്ത് ചാമ്പ്യൻസ് ലീഗ് നഷ്ടപ്പെട്ടതിന്റെ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് സിൽവ ക്ലബ് വിടുന്നത്. ഇത് പിഎസ്ജിക്ക് വേണ്ടിയുള്ള അവസാനമത്സരം ആയിരുന്നുവെന്നും വീണ്ടുമൊരിക്കൽ കൂടി പിഎസ്ജിയിലേക്ക് മറ്റേതെങ്കിലും റോളിൽ മടങ്ങിയെത്തുമെന്നും ഈ മുപ്പത്തിയഞ്ചുകാരൻ കൂട്ടിച്ചേർത്തു. ഏത് ക്ലബിലേക്കാണ് താരം കൂടുമാറുക എന്ന് വ്യക്തമല്ല. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയാണ് താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നവരിൽ പ്രമുഖർ.

ഇന്നലെ മത്സരശേഷം ആർഎംസി സ്പോർട്ടിനോട്‌ സിൽവ പറഞ്ഞ വാക്കുകൾ ഇങ്ങനെ : ” പിഎസ്ജിയിൽ ഇതെന്റെ അവസാനമത്സരമായിരുന്നു. ഞാൻ ദുഃഖിതനാണ്. പക്ഷെ ഈ ടീമിനെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. ഈ ഫാമിലിയാണ് ഈ സീസണും ബഹുമാനവും കെട്ടിപ്പടുത്തുയർത്തിയത്. അത്‌ അത്ഭുതകരമായിരുന്നു. ഞാൻ ആരാധകരോട് ക്ഷമ ചോദിക്കുന്നു. അവരുടെ സ്നേഹത്തിന് നന്ദിയും അർപ്പിക്കുന്നു. ഞാൻ ഈ ക്ലബ്ബിലേക്ക് തന്നെ തിരിച്ചു വരും. മറ്റൊരു റോളിൽ ആയിരിക്കുമെന്ന് മാത്രം. എനിക്ക് മൂന്ന്-നാലു വർഷം കൂടി കളിക്കണം. അതോടൊപ്പം തന്നെ വേൾഡ് കപ്പിലും കളിക്കണം ” സിൽവ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *