PSGയെ നയിക്കുക ബ്രസീലിയൻ താരം തന്നെ!

ഫ്രഞ്ച് ക്ലബ്ബ് PSGയെ ഈ സീസണിൽ നയിക്കുക ബ്രസീലിയൻ താരം മാർക്കീഞ്ഞോസ് ആയിരിക്കുമെന്ന് പരിശീലകൻ തോമസ് ടുഷൽ അറിയിച്ചു. ഇന്ന് നടക്കുന്ന മെറ്റ്സുമായുള്ള ലീഗ് വൺ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ PSGയുടെ നായകനായിരുന്ന തിയാഗോ സിൽവ കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ക്ലബ്ബ് വിട്ട് ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയിൽ ചേർന്നിരുന്നു. അതിനാലാണ് ഈ സീസണിലേക്ക് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ നായകൻ മാർക്കീഞ്ഞോസിന് കൊവിഡ് 19 ബാധിച്ചതിനാൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാനായിരുന്നില്ല.

2013ൽ ഇറ്റാലിയൻ ക്ലബ്ബ് AS റോമയിൽനിന്നാണ് മാർക്കീഞ്ഞോസ് PSGയിൽ എത്തുന്നത്. ഇതിനോടകം 6 ലീഗ് വൺ കിരീടങ്ങളും 5 കോപ ഡി ഫ്രാൻസ് കിരീടങ്ങളും 6 കോപ ഡി ലാ ലിഗ് കിരീടങ്ങളും 5 ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടങ്ങളും അദ്ദേഹം ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്. 26കാരനായ മാർക്കീഞ്ഞോസ് ബ്രസീലിയൻ ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ്. ഇതിനോടകം 47 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 2019ലെ ബ്രസീലിൻ്റെ കോപ അമേരിക്ക വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *