GOAT മെസ്സി തന്നെയാണ്: ആർട്ടെറ്റ
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെ ചുരുക്കിക്കൊണ്ട് വിളിക്കുന്നതിനാണ് GOAT എന്നുള്ള പദപ്രയോഗം ഉപയോഗിച്ചു വരുന്നത്.ഗോട്ട് ആരാണ് എന്ന കാര്യത്തിൽ ഫുട്ബോൾ ലോകത്ത് എന്നും തർക്കങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലയണൽ മെസ്സിയെ ഗോട്ട് ആയിക്കൊണ്ട് പരിഗണിക്കുന്നവർ നിരവധിയാണ്. പ്രത്യേകിച്ച് 2022 വേൾഡ് കപ്പ് നേടിയതിനു ശേഷം പലരും മെസ്സിയെ ഈയൊരു സ്ഥാനത്ത് പരിഗണിക്കുന്നുണ്ട്. എന്നാൽ അതിനോട് വിയോജിപ്പുള്ളവരും ഫുട്ബോൾ ലോകത്ത് സജീവമാണ്.
ആഴ്സണലിന്റെ പരിശീലകനായ മികേൽ ആർട്ടെറ്റ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.ആർട്ടെറ്റയെ സംബന്ധിച്ചിടത്തോളം GOAT ലയണൽ മെസ്സി തന്നെയാണ്. താനും തന്റെ 3 മക്കളും ഗോട്ടായി കൊണ്ട് പരിഗണിക്കുന്നത് മെസ്സിയെയാണ് എന്നുള്ള കാര്യം ഈ പരിശീലകൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“GOAT എപ്പോഴും മെസ്സി തന്നെയാണ്. എനിക്ക് ഒരിക്കലും അത് നിരാകരിക്കാനാവില്ല. എന്റെ 3 മക്കൾക്കും ഈ അഭിപ്രായം തന്നെയാണ് ഉള്ളത്. മെസ്സിയെ ഇത്രയും കാലം എക്സ്പീരിയൻസ് ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് തന്നെ വലിയ ഒരു ഭാഗ്യമാണ്.എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എകാലത്തെയും മികച്ച താരം ലയണൽ മെസ്സി തന്നെയാണ് ” ഇതാണ് ആർട്ടെറ്റ പറഞ്ഞിട്ടുള്ളത്.
നേരത്തെ പെപ് ഗാർഡിയോളയുടെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ആർട്ടെറ്റ. പിന്നീട് അദ്ദേഹം ആഴ്സണലിന്റെ മുഖ്യ പരിശീലക വേഷം അണിയുകയായിരുന്നു. അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം സമീപകാലത്ത് പുറത്തെടുക്കാൻ ആഴ്സണലിന് സാധിക്കുന്നുണ്ട്. ഒരു മികച്ച യുവ നിരയെ തന്നെ അദ്ദേഹം ക്ലബ്ബിൽ പടുത്തുയർത്തിയിട്ടുണ്ട്.