ഹൃദയാഘാതം, ജീവൻ രക്ഷിച്ചതിന് ഹാമിഷ് റോഡ്രിഗസിനോട് നന്ദി പറഞ്ഞ് കൂലിബലി!
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കൊളംബിയൻ സൂപ്പർ താരമായ ഹാമിഷ് റോഡ്രിഗസ് എവെർട്ടൻ വിട്ടു കൊണ്ട് ഖത്തറിലേക്ക് ചേക്കേറിയത്. നിലവിൽ ഖത്തർ ക്ലബായ അൽ റയ്യാന് വേണ്ടിയാണ് ഹാമിഷ് കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച്ച നടന്ന മത്സരത്തിനിടെ എതിർ ടീമായ അൽ വക്രയുടെ ഡിഫൻഡറായ ഒസ്മാൻ കൂലിബലിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഉടൻ തന്നെ താരത്തിന്റെ രക്ഷക്കെത്തിയത് ഹാമിഷ് റോഡ്രിഗസായിരുന്നു. മെഡിക്കൽ ടീം എത്തുന്നതിന് മുന്നേ കൂലിബലിയുടെ തല ശരിയാക്കി കൊണ്ട് അദ്ദേഹത്തെ ശ്വസിക്കാൻ ഹാമിഷ് സഹായിക്കുകയായിരുന്നു. പിന്നീട് ചികിത്സ ലഭിച്ച കൂലിബലി അപകടനില തരണം ചെയ്യുകയും ചെയ്തു.
ഏതായാലും തന്നെ സഹായിച്ചതിന് ഡിഫൻഡറായ കൂലിബലി റോഡ്രിഗസിനോട് നന്ദി പറഞ്ഞിട്ടുള്ളത്.ഹോസ്പിറ്റലിൽ നിന്നുള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് കൂലിബലി ഹാമിഷ് റോഡ്രിഗസിനോടും തന്റെ സഹതാരങ്ങളോടും നന്ദി അറിയിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 14, 2022
” 2022 ജനുവരി ഒൻപതാം തിയ്യതി നടന്ന മത്സരത്തിന്റെ ആദ്യപകുതിക്ക് മുമ്പ് എനിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. ആ ഘട്ടത്തിൽ ഒരുപാട് ആളുകൾ എന്നെ സഹായിച്ചു.ദൈവത്തിനും ജോലിക്കാർക്കും ഞാൻ നന്ദി പറയുന്നു.അവരാണ് എന്നെ രക്ഷിച്ചത്.കൂടാതെ ഹാമിഷ് റോഡ്രിഗസിനും ഞാൻ നന്ദി അറിയിക്കുന്നു. അദ്ദേഹമാണ് എന്റെ തല ആദ്യം ശരിയാക്കിയത്. കൂടാതെ എന്റെ സഹതാരമായ സൗദിനും നന്ദി അറിയിക്കുന്നു. അദ്ദേഹമാണ് മെഡിക്കൽ ടീമിനെ ആദ്യമായി അറിയിച്ചത്.കൂടാതെ ഹോസ്പിറ്റൽ സ്റ്റാഫിനും സഹതാരങ്ങൾക്കും ക്ലബ്ബിനും എന്നെ പിന്തുണച്ചവർക്കും ഞാൻ നന്ദി അറിയിക്കുന്നു” ഇതാണ് കൂലിബലി കുറിച്ചത്.
മത്സരത്തിൽ അൽ റയ്യാൻ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. പിന്നീട് മത്സരം പുനരാരംഭിക്കുകയും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ റയ്യാൻ വിജയിക്കുകയും ചെയ്തു. അതിൽ രണ്ടു ഗോളുകളും നേടിയത് ഹാമിഷ് റോഡ്രിഗസായിരുന്നു.