സർജറിക്ക് പോകും മുൻപ് വീട്ടിൽ പാർട്ടി നടത്തി ആഘോഷിച്ചു, നെയ്മർ വീണ്ടും വിവാദത്തിൽ!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചിരുന്നു.എന്നാൽ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ നെയ്മർ ജൂനിയർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. നെയ്മർക്ക് സർജറി ആവശ്യമാണ് എന്നത് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഈ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാകും എന്നതും ഉറപ്പായി കഴിഞ്ഞിരുന്നു.

നിലവിൽ ബ്രസീലിലാണ് നെയ്മർ ജൂനിയർ ഉള്ളത്. അദ്ദേഹം തന്റെ സർജറി ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ഈ സർജറിക്ക് പോകും മുൻപേ കഴിഞ്ഞ രണ്ടു ദിവസമായി നെയ്മർ ജൂനിയർ തന്റെ വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്.റിയോ ഡി ജെനീറോയിലെ വീട്ടിലാണ് നെയ്മർ വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത് എന്നാണ് ബ്രസീലിയൻ മാധ്യമപ്രവർത്തകർ കണ്ടെത്തിയിട്ടുള്ളത്.ഇതിപ്പോൾ ബ്രസീലിൽ വലിയ വിവാദമായിട്ടുണ്ട്.

കാലുകൾ തകർന്നത് കളിക്കളത്തിൽ മാത്രമാണ്, ഡാൻസ് ചെയ്യുന്നതിന് നെയ്മർക്ക് ഒരു കുഴപ്പവുമില്ല എന്നാണ് ഒരാൾ ഈ വിവാദത്തിൽ പ്രതികരിച്ചത്. ഗുരുതരമായി പരിക്കേറ്റ നെയ്മർ വിശ്രമിക്കേണ്ട സമയത്ത് വീട്ടിൽ നീണ്ട പാർട്ടികൾ സംഘടിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല പല മോഡലുകളും ഈ പാർട്ടിയിൽ പങ്കെടുത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും ഉടൻ തന്നെ നെയ്മർ ജൂനിയർ തന്റെ ശസ്ത്രക്രിയ നടത്തും.

അതിനുശേഷമാണ് നെയ്മർ എത്ര കാലത്തോളം പുറത്തിരിക്കേണ്ടി വരും എന്നത് കൃത്യമായ വ്യക്തമാവുക. പാർട്ടികൾ നടത്തിയാൽ ബാലൺഡി’ഓർ കിട്ടില്ല എന്ന ഒരു പ്രസ്താവന കഴിഞ്ഞദിവസം ബ്രസീലിന്റെ പ്രസിഡന്റ് ലുല നടത്തിയിരുന്നു.അത് നെയ്മറുടെ ഈ വിവാദവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു.നെയ്മർ ഉൾപ്പെടെയുള്ള ബ്രസീലിയൻ താരങ്ങൾ മെസ്സിയെ മാതൃകയാക്കണം എന്ന് തന്നെയാണ് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *